'നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം തുടങ്ങും'; അപ്ഡേറ്റുമായി താമർ

'ചിത്രത്തിൽ നിവിൻ പോളി ഒരു ഓട്ടോ ഡ്രൈവറായാണ് എത്തുന്നത്'

നിവിൻ പോളിയെ നായകനാക്കി താമർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം ഈ അടുത്താണ് നടന്നത്. 'ഡോൾബി ദിനേശൻ’ എന്നാണ് സിനിമയുടെ പേര്. കോമഡി എന്റർടെയ്നർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് താമർ ഇപ്പോൾ.

'നിവിൻ പോളി ആ ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവറായാണ് എത്തുന്നത്. ദിനേശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഓമന എന്നാണ് കഥാപാത്രത്തിന്റെ ഓട്ടോയുടെ പേര്. സിനിമയുടെ ഷൂട്ട് ഈ മാസം 20 ന് ആരംഭിക്കും,' എന്ന് ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ താമർ പറഞ്ഞു.

അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് ഡോൾബി ദിനേശൻ. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിങ് നിധിൻ രാജ് ആരോൾ.

ഇതിന് പുറമെ ബേബി ഗേൾ, അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സിനിമ തുടങ്ങിയ ചിത്രങ്ങള്‍ നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ബേബി ഗേൾ ഗരുഡനിലൂടെ ശ്രദ്ധേയനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.

അഖിൽ സത്യൻ ഒരുക്കുന്ന ചിത്രം ഫാന്റസി–കോമഡി ജോണറിലാണ് കഥ പറയുന്നത്. ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുങ്ങുന്ന സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്.

ഇതിനിടയിൽ 'ബേബി ഗേള്‍' സിനിമയുടെ സെറ്റില്‍ നിന്ന് നിവിന്‍ പോളി ഇറങ്ങി പോയെന്ന തരത്തിൽ പ്രചാരണങ്ങൾ ഉയർന്നിരുന്നു.മലയാളത്തിലെ ഒരുപ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ വിവാദപരാമര്‍ശത്തിന് പിന്നാലെയാണ് നിവിന്‍ പോളിക്കെതിരെ വ്യാപകമായ പ്രചാരണമുണ്ടായത്. എന്നാൽ സിനിമയുടെ സംവിധായകൻ അരുണ്‍ വര്‍മ ഈ അഭ്യൂഹങ്ങൾ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

Content Highlights: Thamar shares the update of Dolby Dineshan starring Nivin Pauly

To advertise here,contact us