എനിക്ക് ഹൊറർ ചിത്രങ്ങൾ പേടിയാണ്, ആ മലയാള സിനിമയുടെ ആദ്യ ഷോട്ടിലെ പേടിച്ച് ടിവി ഓഫ് ചെയ്തു; കാർത്തിക് സുബ്ബരാജ്

'ആദ്യ ഷോട്ട് ഒരു പ്രായമായ സ്ത്രീ മുടി അഴിച്ചിട്ട് നിൽക്കുന്നതാണ്, അത് പ്രേതമല്ല പക്ഷെ അത് പോലും കാണാൻ എനിക്ക് പറ്റിയില്ല'

ഹൊറർ സിനിമകൾ കാണാന്‍ പേടിയാണെന്ന് കാർത്തിക് സുബ്ബരാജ്. പ്രേത സിനിമകളോ കഥകളോ കേൾക്കാറില്ലെന്നും കാർത്തിക് പറഞ്ഞു. അടുത്തിടെ മലയാള സിനിമയായ ഭൂതകാലം കാണാന്‍

ശ്രമിച്ചെങ്കിലും ആദ്യ ഷോട്ട് വന്നപ്പോൾ തന്നെ ടി വി ഓഫ് ചെയ്തുവെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

റെട്രോ സിനിമയുടെ ഭാഗമായി നടൻ സൂര്യയ്ക്കും സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഒപ്പമുള്ള സംഭാഷത്തിലാണ് കാർത്തിക്കിന്റെ പ്രതികരണം. സോഷ്യൽ മീഡിയിൽ ഈ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

'പ്രേത സിനിമകൾ എനിക്ക് പേടിയാണ്, ഞാൻ കാണാറില്ല, എന്റെ ഭാര്യ സത്യ എപ്പോഴും കാണുന്നത് ഹൊറർ സിനിമകളാണ്. അടുത്തിടെ മലയാളത്തിൽ ഒരു ഹൊറർ ചിത്രം റിലീസ് ചെയ്തിരുന്നു. 'ഭൂതകാലം'. സിനിമ വളരെ നല്ലതാണെന്ന് കേട്ടിരുന്നു. പക്ഷെ ഹൊറര്‍ ആയതുകൊണ്ട് എനിക്ക് കാണാന്‍ പ്ലാന്‍ ഇല്ലായിരുന്നു. എന്നാല്‍ കണ്ടേ തീരു എന്ന് വെെഫ് പറഞ്ഞു. അങ്ങനെ ഞാനും വൈഫും ഇരുന്നു സിനിമ കാണാൻ. രാത്രിയാണ് സിനിമ ഇട്ടത്.

ആദ്യ ഷോട്ട് ഒരു പ്രായമായ സ്ത്രീ മുടി അഴിച്ചിട്ട് നിൽക്കുന്നതാണ്. അത് പ്രേതമല്ല പക്ഷെ അത് പോലും കാണാൻ എനിക്ക് പറ്റിയില്ല, ഞാൻ ടി വി ഓഫ് ചെയ്തു. പക്ഷെ ഭാര്യ സിനിമ മുഴുവൻ കണ്ടു, ' കാർത്തിക് സുബ്ബരാജ് പറഞ്ഞു. ഇതിന് മറുപടിയായി തന്റെ അനിയൻ കാർത്തിയും പ്രേത കഥകൾ കേട്ടാലും സിനിമകൾ കാണുമ്പോഴും പേടിക്കുമെന്ന് സൂര്യ പറഞ്ഞു. ചെറുപ്പത്തിൽ തനിക്ക് അവനെ പേടിപ്പിക്കുന്നത് ഒരു ശീലമായിരുന്നെന്നും സൂര്യ പറഞ്ഞു.

• @karthiksubbaraj na ~ Na Horror padam'lam paakave maten. Bayam 😂@Suriya_offl Anna ~ Karthi bayapaduvan😂. Chinna vayasula avana bayamuduthurathuthaan velaiye🤣🤣🤣Nov @Karthi_Offl na 🤣🤣🤣 pic.twitter.com/SKGOJ34khd

അതേസമയം, സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച പുതിയ ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Content Highlights: Karthik Subbaraj says he is afraid of watching horror films

To advertise here,contact us