തുടരും സിനിമയുടെ വ്യാജപതിപ്പും പുറത്ത്. അടുത്തിടെയായി നിരവധി മലയാള ചിത്രങ്ങളും വ്യാജപതിപ്പുകള് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് തിയേറ്ററില് വലിയ വിജയം സ്വന്തമാക്കുന്ന മോഹന്ലാല് ചിത്രമായ തുടരുമിന്റെയും വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
സിനിമ ബോക്സ് ഓഫീസില് 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവര്ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്ത്തിയിരിക്കുകയാണ്. വ്യാജപതിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് തുടരും നിര്മാതാക്കള് അറിയിച്ചിട്ടുണ്ട്.
ഒരു വെബ്സൈറ്റിലൂടെയാണ് തുടരും വ്യാജപതിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള് പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയില് മറ്റ് നിരവധി മലയാളചിത്രങ്ങളുടെയും വ്യാജപതിപ്പുകള് കാണാന് കഴിയും. അടുത്തിടെ ഒടിടിയില് സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള് ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കാന് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എമ്പുരാന്, മാര്ക്കോ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജപതിപ്പുകള് റിലീസിന് തൊട്ടുപിന്നാലെ പ്രചരിച്ചിരുന്നു.
അടുത്തിടെ പൈറസി തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചിരുന്നു. നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണല് എത്തിക്കല് ഹാക്കര്മാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷന് ചുമതലപ്പെടുത്തിയതായാണ് അസോസിയേഷന് അറിയിച്ചിരുന്നത്.
വ്യാജചലച്ചിത്ര പതിപ്പുകള് കാണുന്നതും, പങ്കിടുന്നതും സൈബര് കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും അതിനാല് ഇത്തരം പ്രവൃത്തികളില് ഏര്പ്പെടുന്നവര്ക്ക് ജയില് ശിക്ഷ അടക്കമുള്ള കര്ശനമായ നിയമനടപടികള് നേരിടേണ്ടി വരുമെന്നും സംഘടന അറിയിച്ചിരുന്നു. എന്നാല് ഇപ്പോള് തുടരുമിന്റെ വ്യാജപതിപ്പ് പുറത്തുവന്നത് കൂടുതല് ശക്തമായ നടപടികളുടെ ആവശ്യകതയിലേക്കാണ് വിരല് ചൂണ്ടുന്നതെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.
Content Highlights: Thudarum movie fake print out