മെയ് ദിനത്തിൽ രേഖാചിത്രം ടീമിന് സർപ്രൈസ് നൽകി വേണു കുന്നപ്പിള്ളി; കുറിപ്പുമായി ഷമീർ മുഹമ്മദ്

'എനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും അത് ഉണ്ട്'

രേഖാചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് സമ്മാനവുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിന്റെ എഡിറ്ററായ ഷമീര്‍ മുഹമ്മദാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയ്ക്കായി ലഭിച്ച പ്രതിഫലത്തിന് പുറമെ തൊഴിലാളി ദിനത്തില്‍ ഒരു തുകയും കിട്ടിയതായാണ് ഷമീർ മുഹമ്മദ് അറിയിച്ചത്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും ഈ തുക ലഭിച്ചതായും ഷമീര്‍ പറയുന്നു. നേരത്തെ മാളികപ്പുറം എന്ന സിനിമയുടെ അണിയറപ്രവർത്തകർക്കും ഇത്തരത്തിൽ സമ്മാനം ലഭിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.

ഷമീർ മുഹമ്മദിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയൂം സ്വപ്‌നമാണ്. വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വര്‍ഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം, ഈ വര്‍ഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ ഓരോരുത്തരും സംതൃപ്തരാണ്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പറഞ്ഞ ശമ്പളം എല്ലാവര്‍ക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവ്. എന്നാല്‍ ലോകതൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൗണ്ടില്‍ കാവ്യാ ഫിലിം കമ്പനിയില്‍നിന്ന് ഒരു തുക ക്രെഡിറ്റായി.

വിളിച്ചു ചോദിച്ചപ്പോള്‍ എനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും അത് ഉണ്ട്. കാവ്യാ ഫിലിംസിന്റെ ഇതിനു മുന്‍പുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്. ആത്മാര്‍ഥമായി സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോള്‍ ഓര്‍ക്കുന്നത്. ഇനിയും കാവ്യാ ഫിലിംസിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങള്‍ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു. നന്ദി വേണു കുന്നപ്പിള്ളി, ആന്റോ ചേട്ടന്‍, ജോഫിന്‍, ടീം രേഖാചിത്രം.

Content Highlights: Shameer Muhammad says that Venu Kunnappilly gave bonus to Rekhachithram team

To advertise here,contact us