ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തെ പ്രശംസിച്ച് സംവിധായകനും നടനുമായ ആർ ജെ ബാലാജി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടൂറിസ്റ്റ് ഫാമിലി കണ്ടുവെന്നും ചിരിക്കുകയും കരയുകയും ഏറെ ആസ്വദിക്കുകയും ചെയ്തുവെന്നും ആർ ജെ ബാലാജി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഒപ്പം ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടട്ടെ എന്നും ആർ ജെ ബാലാജി ആശംസിച്ചു.
#TouristFamily Saw the film few days ago, laughed, cried and thoroughly enjoyed watching it.⭐️😍Wishing Sasi sir, Simran mam, director Abishan, Sean, producers Yuvaraj & Mahesh and the entire team of Million dollor films the best for a deserving blockbuster !!!❤️🤗 @SasikumarDir… pic.twitter.com/HeUqmdW5D5
ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്. ഷോൺ റോൾഡൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയതും ഷോൺ റോൾഡൻ ആയിരുന്നു. അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമൻ ആണ്.
Content Highlights: RJ Balaji praises Tourist Family movie