മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ഏറ്റെടുത്ത സിനിമ വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ വരെ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് സിനിമ നടത്തിയിരിക്കുന്നത്.
267.37K ടിക്കറ്റാണ് തുടരും കഴിഞ്ഞ ദിവസം വിറ്റഴിച്ചത്. ഇത് നാളെ പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രമായ റെട്രോ, നാനിയുടെ ഹിറ്റ് 3 , അജയ് ദേവ്ഗൺ ചിത്രമായ റെയ്ഡ് 2 വിനേക്കാൾ അധികമാണ്. 79.98 K ടിക്കറ്റുകൾ മാത്രമാണ് റെട്രോയ്ക്ക് വിൽക്കാനായത്. റെട്രോയ്ക്ക് തൊട്ടുപിന്നാലെയുള്ളത് കേസരി 2, ഹിറ്റ് 3, റെയ്ഡ് 2 എന്നീ സിനിമകളാണ്.
തുടരും മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള് വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
Number of Tickets sold on BookMyShow in last 24 Hours 1. #Thudarum 267.37K 🤯2. #Retro 79.98K 3. #KesariChapter2 57.37K4. #HitTheThirdCase 55.79K5. #Raid2 23.16K 6. #GroundZero 13.56K7. #Jaat 10.47K8. #UntilDawn 10.31K9. #Phule 8.45K10. #Gangers 6.41K 11. #Sinners… pic.twitter.com/DLiUsxRM8x
അതേസമയം, പ്രേക്ഷകർ കാത്തിരുന്ന സിനിമയിലെ പ്രൊമോ സോങ് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിടും. 'കൊണ്ടാട്ടം' എന്ന് തുടങ്ങുന്ന ഗാനം ഒരു ഡാൻസ് നമ്പർ ആയിട്ടാണ് ഒരുങ്ങുന്നത്. മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ഗാനമാണ് അതെന്നും ഡാൻസിൽ മോഹൻലാൽ പൊളിച്ചിട്ടുണ്ടെന്നും സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കഴിഞ്ഞ ദിവസം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content Highlights: Thudarum overtakes retro and Hit 3 in ticket sales