ഒരേയൊരു സുര്യയ്ക്കും റെട്രോയ്ക്കും ആശംസകളുമായി ആർ ജെ ബാലാജി; 'സൂര്യ 45' അപ്ഡേറ്റ് ചോദിച്ച് ആരാധകർ

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 45

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം അടുത്ത ദിവസം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ സിനിമയ്ക്കും സൂര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് സൂര്യ 45 ന്റെ സംവിധായകൻ ആർ ജെ ബാലാജി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.

'ഒരേയൊരു സൂര്യയ്ക്കും കാർത്തിക്കിനും സന്തോഷിനും മുഴുവൻ ടീമിനും ഒരു ബ്ലോക്ക്ബസ്റ്റർ വിജയം നേരുന്നു,' എന്നാണ് ആർ ജെ ബാലാജി കുറിച്ചത്. സംവിധായകന്റെ കുറിപ്പിന് താഴെ ആരാധകർ സൂര്യ 45 ന്റെ അപ്ഡേറ്റ് ചോദിക്കുന്നുണ്ട്.

#Retro Wishing ‘The One’ Suriya sir, Karthik, Santhosh and the entire team the best for a blockbuster success..! 🔥❤️ @Suriya_offl @karthiksubbaraj @Music_Santhosh pic.twitter.com/xPvaM74Nxy

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 45. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനായ സായ് അഭ്യങ്കർ ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. മലയാളീ അഭിനേതാക്കളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അതേസമയം റെട്രോ മെയ് ഒന്നിന് റിലീസ് ചെയ്യും. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: RJ Balaji wishes for Retro movie

To advertise here,contact us