റെട്രോയിൽ സൂര്യയുടെ വിവിധ ഗെറ്റപ്പുകളുടെ കാരണം എന്ത്? മറുപടിയുമായി കാർത്തിക് സുബ്ബരാജ്

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം അടുത്ത ദിവസം റിലീസിന് ഒരുങ്ങുകയാണ്. വിവിധ ഗെറ്റപ്പുകളിലാണ് സിനിമയിൽ സൂര്യ പ്രത്യക്ഷപ്പെടുന്നത്. ഇതിന് പിന്നിലെ കാരണം പറഞ്ഞിരിക്കുകയാണ് കാർത്തിക് സുബ്ബരാജ് ഇപ്പോൾ. സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാകും സിനിമ കഥ പറയുക എന്നും അതിനാലാണ് വിവിധ ഗെറ്റപ്പുകളിൽ നടൻ പ്രത്യക്ഷപ്പെടുന്നത് എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു.

'ഇത് ഒരു കഥാപാത്രത്തിനൊപ്പമുള്ള യാത്രയാണ്. ഇതിൽ നിരവധി കാലഘട്ടങ്ങളുണ്ട്. നമ്മൾ അധികമായി കാണുന്ന ആ ഗെറ്റപ്പിലായിരിക്കും സിനിമയിൽ കൂടുതൽ സമയവും സൂര്യ സാറിനെ കാണുക. എന്നാൽ ആ കഥാപാത്രത്തിന്റെ ചെറിയ കാലഘട്ടം മുതലാണ് കഥ ആരംഭിക്കുക,' എന്നാണ് കാർത്തിക് പറഞ്ഞത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exclusive : " #Retro - Last Minute Update By @karthiksubbaraj ❗"@Suriya_offl pic.twitter.com/Hbuah84g86

മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Karthik Subbaraj talks about Retro movie

To advertise here,contact us