'റെട്രോ'യിലെ ആ 15 മിനിറ്റ് സിംഗിൾ ഷോട്ട് പ്രേക്ഷകർക്ക് സ്പെഷ്യൽ മൊമെന്റ് തന്നെ ആയിരിക്കും: സൂര്യ

തമിഴ്നാട്ടിൽ നിന്നും ഇതുവരെ 2.70 കോടി റെട്രോ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മികച്ച അഡ്വാൻസ് സെയിൽസ് ആണ് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്.

ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഫൈറ്റും ഡാൻസും ഇമോഷണൽ സീനുമൊക്കെ നിറഞ്ഞ് നിൽക്കുന്ന ഒരു സിംഗിൾ ഷോട്ട് ഉണ്ടെന്നും അത് പ്രേക്ഷകർക്ക് ഒരു സ്പെഷ്യൽ മൊമെന്റ് ആയിരിക്കുമെന്നും സൂര്യ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലായിരുന്നു സൂര്യ ഇക്കാര്യം പറഞ്ഞത്.

'റെട്രോയിൽ ഒരു 15 മിനിറ്റ് സിംഗിൾ ഷോട്ട് സീൻ ഉണ്ട്. ആ 15 മിനിറ്റിനുള്ളിൽ മുഴുവൻ താരങ്ങളും കനിമാ എന്ന ഗാനത്തിനായി നൃത്തം ചെയ്യും, വഴക്കിടും, തർക്കിക്കും ഒപ്പം നിരവധി സംഭവങ്ങളും നടക്കുന്നുണ്ട്. ഫൈറ്റും ഡാൻസും ഇമോഷണൽ സീനുമൊക്കെ അതിൽ ഉൾപ്പെടുന്നതുകൊണ്ട് എല്ലാവർക്കും അവരുടെ ബെസ്റ്റ് തന്നെ നൽകണമെന്ന വാശിയുണ്ടായിരുന്നു. പടത്തിന്റെ തുടക്കത്തിലേ കനിമാ എന്ന പാട്ടും തുടർന്ന് ആ സിംഗിൾ ഷോട്ട് സീനും വരും. നിങ്ങൾക്ക് എല്ലാവർക്കും തിയേറ്ററിൽ അതൊരു സ്പെഷ്യൽ മൊമെന്റ് തന്നെ ആയിരിക്കും', സൂര്യ പറഞ്ഞു.

തമിഴ്നാട്ടിൽ നിന്നും ചിത്രം ഇതുവരെ 2.70 കോടി റെട്രോ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 1030 ഷോകളിൽ നിന്ന് 1.50 ലക്ഷം ടിക്കറ്റുകളാണ് റെട്രോ വിറ്റത്. കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന തരത്തിലുള്ള കണക്കുകളാണ് അഡ്വാൻസ് ബുക്കിംഗ് സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ 25 ലക്ഷവും കർണാടകയിൽ നിന്ന് ഇതുവരെ 12 ലക്ഷവുമാണ് റെട്രോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുമെന്നും സൂര്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നുമാണ് കണക്കുകൂട്ടൽ.

മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Content HIghlights: 15 minute single shot in Retro will be a special moment says Suriya

To advertise here,contact us