ഭാര്യയ്ക്ക് ക്രെഡിറ്റ് കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ കുറവാണെന്ന് അവതാരക; വൈറലായി അജിത്തിന്റെ മറുപടി

പദ്മ ഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നല്‍കിയ അഭിമുഖത്തിലായിരുന്നു അജിത്തിന്‍റെ പ്രതികരണം

പദ്മ ഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് തമിഴ് സിനിമാതാരം അജിത്. അവിശ്വസനീയമായ നിമിഷമെന്നാണ് പദ്മ ഭൂഷണെ കുറിച്ച് അജിത് കുമാര്‍ പറഞ്ഞത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ഈ നേട്ടത്തില്‍ പ്രേക്ഷകരോടും കുടുംബത്തോടും സുഹൃത്തുക്കളോടുമെല്ലാം നന്ദി പറഞ്ഞ അജിത് തന്റെ എല്ലാ നേട്ടങ്ങളിലും ഭാര്യ ശാലിനിയ്ക്ക് വലിയ പങ്കാണ് ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു. സ്വപ്‌നതുല്യമായ നിമിഷങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യമാര്‍ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും അവരുടെ ത്യാഗങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഏറെ കുറവാണെന്നും, എന്നാല്‍ താങ്കള്‍ അതില്‍ നിന്നും വ്യത്യസ്തമാണല്ലോ എന്ന ചോദ്യത്തോടും അജിത്ത് പ്രതികരിച്ചു.

'പൊളിറ്റിക്കലി കറക്ടാകാന്‍ വേണ്ടി പറയുന്നതല്ല. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ശാലിനി ഒരുപാട് ആരാധകരുള്ള നടിയായിരുന്നു. അതിപ്രശസ്തയായിരുന്നു. എന്നിട്ടും അവള്‍ കരിയറില്‍ ഒരു ബാക്ക് സീറ്റെടുത്തു. എന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ഒപ്പം നിന്നു.

ജീവിതത്തില്‍ ഞാനെടുത്ത തീരുമാനങ്ങള്‍ തെറ്റിപ്പോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴും അവള്‍ എനിക്കൊപ്പം നിന്നു. ഞാന്‍ ജീവിതത്തില്‍ നേടിയ എല്ലാ നേട്ടങ്ങളിലും അവള്‍ക്ക് വലിയ പങ്കുണ്ട്,' അജിത്ത് പറഞ്ഞു. അജിത്തിന്റെ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

അതേസമയം, അജിത്ത് നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി തിയേറ്ററില്‍ വലിയ വിജയമാണ് സ്വന്തമാക്കുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം അജിത്ത് ഫാന്‍സിനുള്ള ആഘോഷമായിരുന്നു. 150 കോടിയ്ക്ക് മുകളിലാണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: Ajith Kumar about wife Shalini after Padma Bhushan

To advertise here,contact us