മികച്ച സിനിമകൾ കൊണ്ടും മേക്കിങ്ങും കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. സൂര്യയെ നായകനാക്കി ഒരുങ്ങുന്ന റെട്രോ ആണ് ഇനി പുറത്തിറങ്ങാനുള്ള കാർത്തിക്ക് സുബ്ബരാജ് ചിത്രം. കോളേജിൽ പഠിക്കുമ്പോൾ സൂര്യയുടെ സിനിമകൾ കണ്ട് അതേ ആറ്റിറ്റ്യൂഡില് നടന്നിരുന്നുവെന്ന് പറയുകയാണ് കാർത്തിക്. റെട്രോയ്ക്ക് മുന്നേ മറ്റൊരു കഥ സൂര്യയോട് സംസാരിച്ചിരുന്നുവെന്നും അത് കുറച്ചുകൂടെ വലിയ ചിത്രമായിരുന്നുവെന്നും കാർത്തിക് കൂട്ടിച്ചേർത്തു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മദൻ ഗൗരിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സൂര്യ സാറിന്റെ സിനിമകൾ പണ്ട് മുതലേ ശ്രദ്ധിക്കുന്ന ആളാണ് ഞാൻ. കോളേജ് പഠനം മധുരയിൽ ആയിരുന്നു. കൂടെ പഠിക്കുന്ന പെൺകുട്ടികളിൽ ചിലരുമായി കമ്പനിയുണ്ടായിരുന്നുള്ളൂ. ആ സമയത്തായിരുന്നു സൂര്യ സാറിന്റെ മൗനം പേസിയതേ എന്ന സിനിമയുടെ റിലീസ്. കോളേജിലെ പെൺകുട്ടികൾ മുഴുവൻ ആ സിനിമയെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്.
ആ സമയത് സിനിമയിലെ സൂര്യ സാറിനെ പോലെ ഞാനും ആറ്റിറ്റ്യൂഡ് ഇട്ട് നടക്കാൻ തുടങ്ങി. പിന്നീട് പിതാമഗൻ, കാക്ക കാക്ക, വാരണം ആയിരം തുടങ്ങിയ സിനിമകൾ കണ്ട് അദ്ദേഹം എന്ന നടനോട് ഇഷ്ടം തോന്നി തുടങ്ങി. റെട്രോ സിനിമയ്ക്ക് മുൻപ് മറ്റൊരു കഥ സൂര്യ സാറിനോട് പറഞ്ഞിരുന്നു. അത് കുറച്ചുകൂടെ വലിയ പരിപാടിയാണ്,' കാർത്തിക് സുബ്ബരാജ് പറഞ്ഞു.
അതേസമയം, ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മെയ് ഒന്നിനാണ് സിനിമ ആഗോളതലത്തിൽ റിലീസിനെത്തുന്നത്. മലയാളി സാനിധ്യം കേരളത്തിലെ ആരാധകരും സിനിമയെ ആഘോഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ജോജു ജോർജുവിന്റെയും ജയറാമിന്റെയും പ്രകടനങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. പൂജാ ഹെഗ്ഡെയാണ് സിനിമയിൽ നായിക. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്.
Content HIghlights: Karthik Subbaraj says he told Suriya another story before Retro