ഷാരൂഖ് ഖാന് പകരം രൺവീർ സിംഗ്, അപ്പോൾ പ്രിയങ്ക ചോപ്രയ്ക്ക് പകരമാര്? 'ഡോൺ 3'യിൽ നായികയാകാൻ ആ ഹിറ്റ് താരം

2025 ഒക്ടോബർ/നവംബർ മാസങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ടീം ലക്ഷ്യമിടുന്നത്

ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. കിയാര അദ്വാനിയായിരുന്നു ചിത്രത്തില്‍ നായികാവേഷം ചെയ്യാനിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്ന് കിയാര പിന്മാറിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ പുതിയ കാസ്റ്റിങ്ങിനെപ്പറ്റിയുള്ള വാർത്തയാണ് പുറത്തുവരുന്നത്.

ഡോൺ 3യിലെ നായികാ വേഷത്തിലേക്ക് കൃതി സനോൺ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രൺവീർ സിങ്ങിനൊപ്പം ഡോൺ 3 നായികയാകുവാന്‍ കൃതി സനോൺ സമ്മതിച്ചിട്ടുണ്ടെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗര്‍ഭകാലവും കുഞ്ഞിന്‍റെ ജനനവും ആസ്വദിക്കാനാണ് കിയാര സിനിമയിൽ പിന്മാറിയതെന്നാണ് ഇന്ത്യ ടുഡേ മുൻപ് റിപ്പോർട്ട് ചെയ്തത്. പ്രധാനമായും യൂറോപ്പിൽ ആകും ഡോൺ 3 ചിത്രീകരിക്കുന്നത്. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അടുത്ത ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. 2025 ഒക്ടോബർ/നവംബർ മാസങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

ഡോൺ 3യിലേക്ക് നീങ്ങുന്നതിന് മുമ്പ് ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന 'തേരേ ഇഷ്‌ക് മേ'യുടെയും ദിനേശ് വിജൻ നിർമ്മിക്കുന്ന 'കോക്ക്‌ടെയിൽ 2'വിൻ്റെയും ഷൂട്ടിംഗ് കൃതി സനോൻ പൂർത്തിയാക്കും. ചിത്രത്തിൽ രൺവീർ സിംഗ് ടൈറ്റിൽ റോളിൽ എത്തുമ്പോൾ വിക്രാന്ത് മാസിയാണ് വില്ലനായി എത്തുന്നത്. ഷാരൂഖ് ഖാന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് രൺവീർ സിംഗ് ഡോണ്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്. ഡോൺ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്.

Content Highlights: Kriti Sanon replaces Kiara in Don 3

To advertise here,contact us