'ഐഡിയ കൊള്ളാം, പക്ഷെ…'; തുടരും പ്രൊമോ സോംഗ് പോസ്റ്റര്‍ വ്യാജമെന്ന് തരുണ്‍ മൂര്‍ത്തി

വ്യാജ പോസ്റ്ററിന് തരുണ്‍ മൂര്‍ത്തി നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മോഹന്‍ലാല്‍ നായകനാകുന്ന തുടരും സിനിമയിലെ പ്രൊമോ സോംഗിന്റേതെന്ന നിലയില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. 'ഐഡിയ കൊള്ളാം, പക്ഷെ ഞങ്ങളുടെ മൂഡ് ഇതല്ല' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റര്‍ വ്യാജമാണെന്ന് തരുണ്‍

സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

നേരത്തെ സിനിമയുടെ പ്രൊമോ സോംഗ് ഷൂട്ടിനിടയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിലെ കോസ്റ്റ്യൂം ആയിരുന്നു പ്രചരിച്ച പോസ്റ്ററിലുണ്ടായിരുന്നത്. മോഹന്‍ലാല്‍ പിന്‍തിരിഞ്ഞുനില്‍ക്കുന്ന പോസ്റ്ററില്‍ സിനിമയുടെ പേരും ഉണ്ടായിരുന്നു. ഇതോടെയാണ് ഇത് യഥാര്‍ത്ഥ പോസ്റ്ററാണെന്ന നിലയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

നേരത്തെ നരന്‍ സിനിമയിലെ വേല്‍മുരുകാ പാട്ടിന് സമാനമായ ഒരു പ്രൊമോ സോംഗ് തുടരുമില്‍ ഉണ്ടെന്ന് എം.ജി ശ്രീകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. ഈ പാട്ട് എന്ന് പുറത്തുവരും എന്ന ചോദ്യമാണ് അണിയറ പ്രവര്‍ത്തകരോട് ആരാധകര്‍ നിരന്തരം ചോദിക്കുന്നത്.

ഏപ്രില്‍ 25 നാണ് തുടരും തിയേറ്ററുകളിലെത്തുന്നത്. പത്ത് മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുന്നത്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്.

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന സിനിമയില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും.

Content Highlights: Thudarum promo song poster is fake, clarifies director Tharun Moorthy

To advertise here,contact us