കോർപ്പറേറ്റുകൾ തൊഴിൽ സംസ്കാരത്തിലേക്ക് കടന്നുകയറാത്തത് കൊണ്ടാണ് സൗത്ത് ഇൻഡസ്ട്രി ഇന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ തിഗ്മാൻഷു ധൂലിയ. അവർ ഇപ്പോഴും സുഹൃത്തുക്കൾക്കിടയിലാണ് വർക്ക് ചെയ്യുന്നത് മാത്രമല്ല ബോളിവുഡിനെ അപേക്ഷിച്ച് സൗത്തിൽ ടിക്കറ്റ് നിരക്കുകൾ കുറവാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
'പുതിയ ഹിന്ദി സിനിമകളുടെ കുത്തനെയുള്ള ടിക്കറ്റ് നിരക്ക് പ്രേക്ഷകരെ തിയേറ്ററുകൾ സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു, എന്നാൽ ദക്ഷിണേന്ത്യൻ സിനിമകളുടെ കാര്യം അങ്ങനെയല്ല, കാരണം അവിടെ ടിക്കറ്റ് നിരക്കിൽ പരിധിയുണ്ട്. ടിക്കറ്റ് നിരക്ക് കൂടിയാൽ പിന്നെ എങ്ങനെയാണ് പ്രേക്ഷകർ തിയേറ്ററിലേക്ക് വരുന്നത്? എല്ലാ നഗരങ്ങളിലും ട്രാഫിക് കൂടി വരുകയാണ്. അതുകൊണ്ട് തന്നെ പലരും സിനിമ കാണാൻ പോകുന്നത് ഒഴിവാക്കും. കുറഞ്ഞ ടിക്കറ്റ് നിരക്ക് ആയതുകൊണ്ടാണ് റീ റിലീസ് സിനിമകൾ ഇപ്പോൾ വിജയിക്കുന്നത്. ദേശീയ സിനിമാ ദിനത്തിൽ തിയേറ്ററുകൾ നിറഞ്ഞിരിക്കുന്നതിൻ്റെ കാരണം അന്ന് ടിക്കറ്റുകൾ 100 രൂപയ്ക്ക് ലഭിക്കുന്നത് കൊണ്ടാണ്', തിഗ്മാൻഷു ധൂലിയ പറഞ്ഞു.
വിക്കി കൗശൽ നായകനായി എത്തിയ ഛാവ മാത്രമാണ് ഈ വർഷത്തെ ബോളിവുഡിൽ നിന്നുള്ള ഒരേയൊരു ഹിറ്റ് ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ നേടിയത് 800 കോടിയാണ്. അതേസമയം, സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ സിക്കന്ദർ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 84.25 കോടിയാണ് സിക്കന്ദറിന്റെ ഇതുവരെയുള്ള കളക്ഷൻ. നാലാം ദിവസമായ ഇന്നലെ വെറും 9.75 കോടി മാത്രമാണ് സിനിമയ്ക്ക് സ്വന്തമാക്കാനായത്. ഇത് സിക്കന്ദർ ഇതുവരെ നേടിയതിൽ ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ്.
Content Highlights: High ticket prices to be blamed for Bollywood’s failure says Tigmanshu Dhulia