ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആർഡിഎക്സ് പോലെ ഒരു പക്കാ ആക്ഷൻ പാക്ക്ഡ് സിനിമയാണ് ഐ ആം ഗെയിം എന്ന് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ജേക്സ് ഇക്കാര്യം പറഞ്ഞത്.
'എന്താണ് ഐ ആം ഗെയിം എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷെ അത് നഹാസിന്റെ ആദ്യ സിനിമയായ ആർഡിഎക്സ് പോലെ ഒരു ആക്ഷൻ പാക്ക്ഡ് സിനിമയാണ്. ഒരു ആക്ടർ എന്ന നിലയിലും ഒരു മാസ്സ് ഹീറോ എന്ന തരത്തിലും ദുൽഖറിന് ഒരുപാട് എക്സ്പ്ലോർ ചെയ്യാനുള്ള സ്പേസ് ഐ ആം ഗെയ്മിലുണ്ട്. അതിൽ ഗാംബ്ലിങ് മൊമെന്റ്സ് ഉണ്ട്, ക്രിക്കറ്റ് മൊമെന്റ്സ് ഉണ്ട് അങ്ങനെ എല്ലാം കൂടി ചേർന്നൊരു ബിഗ് കാൻവാസ് എന്റർടെയ്നിങ് മൂവി ആകും ഐ ആം ഗെയിം', ജേക്സ് ബിജോയ് പറഞ്ഞു.
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. 2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്.
Content highlights: Dulquer Salmaan film I Am Game is an action film