ട്രോളിയവർ പോലും ദീപക് ദേവിന് കയ്യടിച്ചു, 'അസ്രേൽ' വേൾഡ് ക്ലാസ് ഐറ്റം; പ്രശംസയുമായി സോഷ്യൽ മീഡിയ

അസ്രേൽ എന്നത് പീക്ക് ലെവൽ ഗാനമായിരുന്നു എന്നും പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നു

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ദീപക് ദേവ് സംഗീതം നൽകിയ 'അസ്രേൽ' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു റിലീസ് ചെയ്തത്. ഉഷ ഉതുപ്പ് പാടിയ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ 'അസ്രേൽ' ഗാനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഉഷ ഉതുപ്പിന്റെ ശബ്ദവും ദീപക് ദേവിന്റെ സംഗീതവും ചേർന്നപ്പോൾ ഒരു വേൾഡ് ക്ലാസ് ഐറ്റം ലഭിച്ചു എന്നാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്. ദീപക് ദേവ് ഒരുക്കിയ സിനിമയിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ചും മറ്റു ഗാനങ്ങളെക്കുറിച്ചും പല അഭിപ്രായങ്ങളുണ്ടാകാം, എന്നാൽ അസ്രേൽ എന്നത് പീക്ക് ലെവൽ ഗാനമായിരുന്നു എന്നും പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നു. മുരളി ഗോപിയാണ് പാട്ടിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് 27 നായിരുന്നു സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. സിനിമയുടെ ആഗോളകളക്ഷൻ ഇതിനകം 200 കോടിയിലധികമാണ്. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.

അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

Content Highlights: Deepak Dev and Usha Uthupp getting praised for Azrael song in Empuraan

To advertise here,contact us