സിനിമയെ സിനിമയായി കാണണം, സൈബര്‍ അറ്റാക്ക് അനുഭവിച്ചവര്‍ക്കേ അതിന്റെ വിഷമം മനസിലാകൂ: ആസിഫ് അലി

നേരിട്ട് അഭിപ്രായം പറയാന്‍ സാധിക്കാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നത്. ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയും പോലെ

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച് നടൻ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവരാണ് ഒളിച്ചിരുന്നു കല്ലെറിയുന്നതെന്നും ആസിഫ് അലി പറഞ്ഞു. മൂന്ന് മണിക്കൂറുള്ള സിനിമയെ എന്റർടെയ്മെന്റ് എന്ന നിലയിൽ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണമെന്നും നടൻ പറഞ്ഞു. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസ്സിലാകൂയെന്നും ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

'സിനിമയെ സിനിമയായി കാണുക. അത് ആസ്വാദനത്തിന് ഉള്ളതാണ്. സാങ്കല്‍പ്പികമാണെന്ന് എഴുതി കാണിച്ചല്ലേ സിനിമ ആരംഭിക്കുന്നത്. സിനിമ എത്രത്തോളം സ്വാധീനിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. സിനിമയായാലും ചുറ്റുപാടായാലും അതെ. സോഷ്യല്‍മീഡിയയ്ക്ക് ലാലേട്ടനെന്നോ ഞാനെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ സാധിക്കാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നത്. ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയും പോലെ. അതിന്റെ വകഭേദമാണ് പലസമയത്തും കാണുന്നത്. സോഷ്യല്‍മീഡിയ ആക്രമണം അനുഭവിച്ചാലെ അതിന്റെ വിഷമം മനസ്സിലാകൂ. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവര്‍ക്കൊപ്പം നില്‍ക്കും', ആസിഫ് അലി പറഞ്ഞു.

എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാരില്‍ നിന്നും വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തിയിരുന്നു. സിനിമയിലെ രംഗങ്ങളില്‍ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിനിമാ ടീം ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്‌തെങ്കിലും തിരക്കഥാകൃത്തായ മുരളി ഗോപി മൗനം തുടരുകയായിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്യാതിരുന്ന അദ്ദേഹം സിനിമ റീഎഡിറ്റ് ചെയ്യുന്നതില്‍ എതിര്‍പ്പോ പിന്തുണയോ എവിടെയും പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം, എമ്പുരാന്‍ റീഎഡിറ്റഡ് വേര്‍ഷന്‍ വൈകാതെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ 3 മിനിറ്റോളം നീക്കം ചെയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Content Highlights: Actor Asif Ali responds to Empuraan issue

To advertise here,contact us