മോഹൻലാൽ മാത്രമല്ല, താരങ്ങളെ കടത്തിവെട്ടാൻ 'അവനെത്തും'; വൈറലായി 'തുടരും' പ്ലോട്ട് സമ്മറി

ഈ സമ്മറി പ്രകാരം മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം ചിത്രത്തിൽ കാണിക്കുന്ന അംബാസഡർ കാറും ഏറെ ചർച്ചയാകുമെന്ന് ഉറപ്പ്

മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷങ്ങളിലായെത്തുന്ന പുതിയ ചിത്രമാണ് തുടരും. ഏറെ നാളുകൾക്ക് ശേഷം മോഹൻലാലിന്റെ റിയലിസ്റ്റിക് കഥാപാത്രത്തെ സിനിമയിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിനാൽ തന്നെ സിനിമയുടെ റിലീസിനായി ഏവരും വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോഴിതാ സിനിമയുടെ പ്ലോട്ട് സമ്മറി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

സിനിമയുടെ സെൻസറിങ് സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന പ്ലോട്ട് സമ്മറിയാണ് ശ്രദ്ധ നേടുന്നത്. ഈ സമ്മറി പ്രകാരം പത്തനംതിട്ടയിലെ റാന്നിയിലെ ഒരു ടാക്സി ഡ്രൈവറാണ് മോഹൻലാലിന്റെ ഷൺമുഖം എന്ന കഥാപാത്രം. അയാൾക്ക് തന്റെ കുടുംബം പോലെ പ്രിയപ്പെട്ട മറ്റൊന്നുണ്ട്, അയാളുടെ അയാളുടെ പഴയ അംബാസഡർ കാർ. മറ്റുള്ളവർക്ക് അതൊരു പഴയ വാഹനമായിരിക്കാം. എന്നാൽ ഷണ്മുഖത്തിന് അത് തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. അയാളുടെ യാത്രയിൽ ഒരു വെല്ലുവിളിയെ അഭിമുഖരിക്കേണ്ടിവരുന്നതും ത്തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥ. ഈ സമ്മറി പ്രകാരം മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം ചിത്രത്തിൽ കാണിക്കുന്ന അംബാസഡർ കാറും ഏറെ ചർച്ചയാകുമെന്ന് ഉറപ്പ്.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Content Highlights: Thudarum plot summary viral in social media

To advertise here,contact us