തല ഫാൻസിന്റെ ആഘോഷങ്ങൾ ഒരു ദിവസം മുൻപേ തുടങ്ങും; പ്രീമിയർ ഷോകൾ സംഘടിപ്പിക്കാനൊരുങ്ങി 'ഗുഡ് ബാഡ് അഗ്ലി'

അഞ്ച് മുതൽ ആറ്‌ കോടി വരെയാണ് ചിത്രത്തിനായി കേരള വിതരണക്കാർ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. ബില്ല, മങ്കാത്ത വൈബിൽ ഒരു 'അജിത് ആഘോഷം' എന്നാണ് ടീസറിനെക്കുറിച്ച് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഇപ്പോഴിതാ അജിത് ആരാധകർക്ക് ആവേശം നൽകുന്ന ഒരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ഏപ്രിൽ 10 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. എന്നാൽ തമിഴ്നാട്ടിൽ ഏപ്രിൽ 9 ന് രാത്രി 10.30 മുതൽ ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സത്യമാണെങ്കിൽ ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുക തമിഴ്നാട്ടിലാകും. കേരളത്തിൽ ചിത്രത്തിന് തലേദിവസം പ്രീമിയർ ഷോ ഉണ്ടാകുമോയെന്ന കാര്യത്തിൽ അപ്ഡേറ്റ് വന്നിട്ടില്ല. ചിത്രത്തിലെ ആദ്യ ഗാനം ഉടൻ പുറത്തിറങ്ങുമെന്നാണ് സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ ട്വീറ്റിലൂടെ പുറത്തുവിട്ടത്.

അഞ്ച് മുതൽ ആറ്‌ കോടി വരെയാണ് ചിത്രത്തിനായി കേരള വിതരണക്കാർ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ചിത്രം വലിയ നേട്ടമുണ്ടാക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകൾ. ശിവ സംവിധാനം ചെയ്ത വിവേകം ആണ് ഇതിന് മുൻപ് കേരളത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിട്ടുപോയ അജിത് സിനിമ. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Good Bad Ugly paid premiers on April 9th

To advertise here,contact us