'മമ്മൂട്ടി സാര്‍ യെസ് പറഞ്ഞില്ലെങ്കില്‍ എനിക്ക് ഇങ്ങനൊരു വേഷം ഉണ്ടാകില്ല'; 'മമ്മൂട്ടി ചേട്ടൻ' പറയുന്നു

'സിനിമ ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ കരുതി വെച്ചിട്ടുണ്ടാകും. എനിക്കായി കരുതി വെച്ചത് ഇതാണ്'

icon
dot image

രേഖാചിത്രത്തിലെ മമ്മൂട്ടിച്ചേട്ടന്റെ രംഗങ്ങള്‍ ഇന്ന് സിനിമാപ്രേമികളുടെ കയ്യടികള്‍ വാരിക്കൂട്ടുകയാണ്. മമ്മൂട്ടിയുടെ ബോഡി ഡബിളായി ചിത്രത്തില്‍ എത്തിയത് പെരുമ്പാവൂര്‍ സ്വദേശിയായ ട്വിങ്കിള്‍ സൂര്യയാണ്. രേഖാചിത്രത്തിന്റെ ഒടിടി റിലീസിന് പിന്നാലെ 'മമ്മൂട്ടി ചേട്ടനും' താനും ചർച്ചയാകുമ്പോൾ അതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ട്വിങ്കിള്‍.

സിനിമ ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ കരുതി വെച്ചിട്ടുണ്ടാകുമെന്നും ഇതാണ് തന്റെ രേഖാചിത്രം തെളിയിച്ച സിനിമ എന്നുമാണ് ട്വിങ്കിള്‍ പറയുന്നത്. സിനിമയുടെ സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്കും ആസിഫ് അലിക്കും ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു. ഒപ്പം നടൻ മമ്മൂട്ടിക്കും ട്വിങ്കിൾ നന്ദി പറഞ്ഞു. അദ്ദേഹം സമ്മതിച്ചില്ലായിരുന്നുവെങ്കിൽ തനിക്ക് ഇത്തരമൊരു വേഷം ലഭിക്കില്ലായിരുന്നു എന്നും ട്വിങ്കിൾ കൂട്ടിച്ചേർത്തു.

'സിനിമ ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ കരുതി വെച്ചിട്ടുണ്ടാകും. എനിക്കായി കരുതി വെച്ചത് ഇതാണ്, എന്റെ രേഖാചിത്രം തെളിയിച്ച സിനിമ. ഡയറക്ടര്‍ ജോഫിന്‍ ടി ചാക്കോ, അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒന്നുമല്ലാതിരുന്ന എന്നെ ഒരു സിനിമ നടനാക്കിയതിന്. അരുണ്‍ പെരുമ്പ, എന്റെ സുഹൃത്ത് എന്നതിലുപരി ഈ വേഷം ഇത്ര മനോഹരമാക്കാന്‍ അദ്ദേഹം എനിക്കു തന്ന ട്രെയിനിങ് അതാണ് മമ്മൂട്ടി ചേട്ടനെ ഇത്ര മനോഹരമാക്കിയത്,'

'ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഈ നിമിഷം നന്ദി അറിയിക്കുന്നു. ആസിഫ് ഇക്കയുടെ 2025-ലെ ആദ്യ സൂപ്പര്‍ ഹിറ്റ് ഫിലിമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം. എല്ലാത്തിനുമുപരി മമ്മൂട്ടി സാര്‍. അദ്ദേഹം യെസ് പറഞ്ഞിരുന്നില്ല എങ്കില്‍ ഇങ്ങനൊരു വേഷമോ സിനിമായോ ഉണ്ടാകില്ലായിരുന്നു. നമ്മുടെ എല്ലാം എല്ലാമായ മമ്മൂട്ടിച്ചേട്ടന് മമ്മൂട്ടി സാറിനു ഒരായിരം നന്ദി,' എന്ന് ട്വിങ്കിൾ കുറിച്ചു.

ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാം ലോകത്തിന് പരിചിതനാണ്. മമ്മൂട്ടിയോടുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് നേരത്തെ തന്നെ ശ്രദ്ധ നേടിയ ട്വിങ്കിള്‍, മമ്മൂട്ടിയുടെ ഗാനങ്ങളും ഡയലോഗുകളും അനുകരിച്ച് വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. രേഖാചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജില്‍ ഈ വീഡിയോസ് ഒരു സുഹൃത്ത് വഴി ജോഫിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അങ്ങനെ രേഖാചിത്രത്തിലേക്ക് എത്തിച്ചേര്‍ന്ന ട്വിങ്കിള്‍ മമ്മൂട്ടിയെ സ്‌ക്രീനിലെത്തിക്കാന്‍ ഏറെ തയ്യാറെടുപ്പുകള്‍ നടത്തി.

Content Highlights: Twinkle Surya shares about doing body double for Mammootty in Rekhachithram

To advertise here,contact us
To advertise here,contact us
To advertise here,contact us