എമ്പുരാന്റെ റിലീസിനൊപ്പം 'തുടരും' ട്രെയ്‌ലർ വരുമോ?; മറുപടിയുമായി നിർമാതാവ്

'സിനിമയുടെ റിലീസ് വിവരങ്ങൾ എല്ലാ പ്രേക്ഷകരെയും സന്തോഷിപ്പിക്കും വിധം വരും'

മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ, ട്രെയ്‌ലർ എന്നിവ സംബന്ധിച്ച് നിർമാതാവ് എം രഞ്ജിത്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

'എമ്പുരാൻ എന്ന സിനിമ അതിന്റെ പീക്കിൽ പോകുന്നത് കൊണ്ട് അതിന്റെ വിജയത്തിന് പിന്നാലെയാകും നമ്മുടെ സിനിമയുടെ റിലീസ്. തുടരും എന്ന സിനിമയുടെ പ്രമോഷൻ കൃത്യമായ ഇടവേളകളിൽ നടക്കും,' എന്നാണ് എം രഞ്ജിത്ത് പറയുന്നത്. ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന സീരീസിന്റെ പ്രിവ്യു ഷോയ്ക്ക് വന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എമ്പുരാന്റെ റിലീസിനൊപ്പം തുടരും ട്രെയ്‌ലർ വരുമോ?' എന്ന ചോദ്യത്തിന് 'അങ്ങനെ പ്ലാൻ ചെയ്തിട്ടുണ്ട്. ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാൽ നമുക്കും ഏറെ ഉത്തരവാദിത്തങ്ങളുണ്ട്. അതിന് വേണ്ടുന്ന സാങ്കേതിക കാര്യങ്ങൾ ഗംഭീരമായി ചെയ്യുകയാണ്. സിനിമയുടെ റിലീസ് വിവരങ്ങൾ എല്ലാ പ്രേക്ഷകരെയും സന്തോഷിപ്പിക്കും വിധം വരും,' എന്നും എം രഞ്ജിത്ത് വ്യക്തമാക്കി.

'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Also Read:

Entertainment News
ഖുറേഷിക്കും സയീദ് മസൂദിനുമൊപ്പമുള്ള ആ മൂന്നാമൻ ആരാണ്? സസ്പെൻസ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

Content Highlights: M Renjith talks about Thudarum movie trailer release

To advertise here,contact us