'പോസ്റ്റിട്ടത് തെറ്റ്, ആന്റണി പെരുമ്പാവൂരുമായി ചർച്ചയ്ക്കില്ല'; ജി സുരേഷ് കുമാർ

അതേസമയം ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് കേരള ഫിലിം ചേംബർ. ആന്റണിയുടെ പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് ‍‍‍‍ചേംബറിന്റെ ആവശ്യം

ആൻ്റണി പെരുമ്പാവൂരിനെതിരെ കടുത്ത വിവർശനവുമായി ജി സുരേഷ് കുമാർ. ആന്റണി പോസ്റ്റിട്ടത് തെറ്റാണെന്നും അദ്ദേഹവുമായി സന്ധി സംഭാഷണത്തിനില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റേത് അച്ചടക്ക ലംഘനമാണ്. തനിക്കെതിരെ പോസ്റ്റിട്ട ആളോട് എന്തിന് സംസാരിക്കണമെന്നും സുരേഷ് കുമാർ ചോദിച്ചു. ലിസ്റ്റിൻ സമാധാന മാർഗം സ്വീകരിച്ചത് ആണെന്നും സമരത്തിനെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണെന്നും സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

നടന്മാരുമായിട്ടല്ല സർക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും സുരേഷ് കുമാർ പറഞ്ഞു. തിയേറ്ററുകൾ വലിയ നഷ്ടത്തിലാണ് പോകുന്നത്. പോപ്‌കോൺ വിറ്റ് കിട്ടുന്ന ക്യാഷ് കൊണ്ടാണ് തിയേറ്ററുകൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് കേരള ഫിലിം ചേംബർ. ആന്റണിയുടെ പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് ‍‍‍‍ചേംബറിന്റെ ആവശ്യം. ആന്റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ യോ​ഗത്തിൽ ആവശ്യമുയർന്നു. ആന്റണി നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടര്‍ നടപടിയെന്നും ചേംബർ വ്യക്തമാക്കി. ആന്റണി ഏഴ് ദിവസത്തിനകം പോസ്റ്റ്‌ പിൻവലിക്കണം. ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല. അതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസെന്നും ഫിലിം ചേംബർ വ്യക്തമാക്കി.

Also Read:

Entertainment News
മോഹൻലാൽ അങ്ങനെ ചെയ്തത് എനിക്ക് വിഷയമല്ല, അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്: ജി സുരേഷ് കുമാർ

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു നിർമാതാക്കൾ നടത്തിയ പ്രസ് മീറ്റിൽ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ജൂൺ ഒന്ന് മുതൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു. ഒപ്പം മോഹൻലാൽ സിനിമയായ എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ചും സുരേഷ്‌കുമാർ പരാമർശം നടത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുകയായിരുന്നു.

Also Read:

Entertainment News
'ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല, ഞാൻ സമരത്തെ അനുകൂലിക്കുന്ന ആളല്ല'; ലിസ്റ്റിൻ സ്റ്റീഫൻ

തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു. ഇതേ തുടർന്ന് ആന്റണിക്ക് പിന്തുണയുമായി പൃഥ്വിരാജ്, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ലിബർട്ടി ബഷീർ തുടങ്ങിയവർ എത്തിയിരുന്നു. എന്നാൽ ജൂൺ ഒന്ന് മുതൽ സമരം ചെയ്യും എന്നല്ല, ചർച്ചകൾ ഫലം ചെയ്തില്ലെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് പോകുമെന്നാണ് ഉദ്ദേശിച്ചതെന്ന് സംഘടനയുടെ ഭാരവാഹികളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: There will be no discussion with Antony Perumbavoor says G Suresh Kumar

To advertise here,contact us