സിനിമയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കണം, നിർമാതാക്കളുടെ സമരത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് സംവിധായകർ

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു നിർമാതാക്കളുടെ സംഘടന നടത്തിയ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്

സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് സംവിധായകർ. ഡയറക്ടേഴ്സ് യൂണിയൻ പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന ഫെഫ്കയുടെ നിലപാടിന് പ്രസക്തിയുണ്ടെന്നും മലയാള ചലച്ചിത്രമേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്നും സംവിധായകർ പറഞ്ഞു. അർത്ഥപൂർണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷമപ്രശ്നവും നിലവിലില്ലെന്നും പ്രമേയത്തിൽ പറഞ്ഞു. സംവിധായകൻ ബ്ലെസി ആണ് പ്രമേയം അവതരിപ്പിച്ചത്. അൻവർ റഷീദ് പ്രമേയത്തെ പിന്താങ്ങി മുന്നോട്ടെത്തി. ഇരട്ട നികുതിയടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരുമായും ചർച്ചകൾ നടത്തണമെന്നും പ്രമേയത്തിൽ അവതരിപ്പിച്ചു.

Also Read:

Entertainment News
രണ്ട് മാസത്തിൽ 3 ഹിറ്റുകൾ, അടിപതറി അജിത്തും രവി മോഹനും, രക്ഷകരായി യുവതാരങ്ങൾ; കോളിവുഡ് കളക്ഷൻ റിപ്പോർട്ട്

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു നിർമാതാക്കൾ നടത്തിയ പ്രസ് മീറ്റിൽ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ജൂൺ ഒന്ന് മുതൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിനെതിരെ പ്രതികരണവുമായി ആന്റണി പെരുമ്പാവൂർ എത്തിയിരുന്നു.

Also Read:

Entertainment News
ധനുഷ് സിനിമയെ കടത്തിവെട്ടി ഡ്രാഗൺ; കളക്ഷനിൽ റെക്കോർഡ് സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ

തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഇതേ തുടർന്ന് ആന്റണിക്ക് പിന്തുണയുമായി പൃഥ്വിരാജ്, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ലിബർട്ടി ബഷീർ തുടങ്ങിയവർ എത്തിയിരുന്നു. എന്നാൽ ജൂൺ ഒന്ന് മുതൽ സമരം ചെയ്യും എന്നല്ല, ചർച്ചകൾ ഫലം ചെയ്തില്ലെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് പോകുമെന്നാണ് ഉദ്ദേശിച്ചതെന്ന് സംഘടനയുടെ ഭാരവാഹികളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ലെന്നും താൻ ഒരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Content Highlights: Directors present a resolution against the strike announced by film producers

To advertise here,contact us