ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു എന്ന സിനിമയിൽ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സംഗീത് പ്രതാപ്. ചിത്രത്തിലെ നസ്ലെനൊപ്പമുള്ള സംഗീതിന്റെ പ്രകടനവും കോമഡികളും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഏറ്റുവാങ്ങിയത്. ഒരു എഡിറ്റർ കൂടിയായ സംഗീത് നിരവധി സിനിമകളിൽ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവ്വം എന്ന സിനിമയിലാണ് ഇപ്പോൾ സംഗീത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള സംഗീതിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പിറന്നാൾ കേക്ക് വരാൻ വൈകിയതിനാൽ പഴംപൊരി കഴിച്ച് പിറന്നാൾ ആഘോഷിക്കുന്ന സംഗീതിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. സത്യൻ അന്തിക്കാടിനേയും മോഹൻലാലിനെയും വീഡിയോയിൽ കാണാനാകും. പിന്നാലെ കേക്ക് എത്തി അത് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതും കാണാം. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് സംഗീത് എത്തുന്നത്. 2015 ല് പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്ലാലും സത്യന് അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സംഗീതിന്റെ ചെറിയൊരു പിറന്നാൾ ആഘോഷം ലാലേട്ടനൊപ്പം... 💟ഹൃദയപൂർവ്വം ലൊക്കേഷൻ 💝 😍 @mohanlal #Mohanlal pic.twitter.com/qBA3GKmCR0
അതേസമയം അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് ആണ് സംഗീത് പ്രധാന വേഷത്തിലെത്തി ഇപ്പോൾ തിയേറ്ററിലെത്തിയ സിനിമ. മികച്ച പ്രതികരണം നേടുന്ന സിനിമയിലെ സംഗീത് പ്രതാപ് അവതരിപ്പിച്ച ഹരിഹരസുധൻ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിക്കുന്നത്.
Content Highlights: Sangeth prathap celebrates his birthday with mohanlal