ധനുഷ് ഇളയരാജയാകും; ബയോപിക് ഉപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ

ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണെന്നാണ് റിപ്പോർട്ടുകള്‍

തമിഴ് സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ സംഗീത ഇതിഹാസമാണ് ഇളയരാജ. അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തെ ബിഗ് സ്ക്രീനില്‍ എത്തിക്കുന്ന ഒരു ചിത്രം കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിൽ ധനുഷാണ് ഇളയരാജയെ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രം ഉപേക്ഷിച്ചുവെന്ന രീതിയിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ഇഡ്‌ലി കടൈ', 'തേരേ ഇഷ്‌ക് മേ' തുടങ്ങിയ സിനിമകളുടെ തിരക്കുകൾ മൂലമാണ് ഈ സിനിമ പ്രോജക്ട് ഉപേക്ഷിച്ചത് എന്ന് അഭ്യൂഹങ്ങൾ വന്നത്.

എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറായിക്കഴിഞ്ഞെന്നും ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ധനുഷ് തൻ്റെ നിലവിലുള്ള പ്രോജക്റ്റുകൾ പൂർത്തിയാക്കിയാൽ ഈ ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് സൂചന.

അതേ സമയം നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം, ഇഡ്‌ലി കടൈ എന്നിങ്ങനെ രണ്ടു സിനിമകൾ ധനുഷിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതില്‍ നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തും. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം. 2025 ഏപ്രില്‍ പത്തിനാണ് ഇഡ്‌ലി കടൈ തിയേറ്ററുകളിലെത്തുന്നത്.

Content Highlights: Dhanush’s biopic on Ilaiyaraaja has not been shelved

To advertise here,contact us