ലക്ഷ്യം 500 കോടി, ഇത് ശിവകാർത്തികേയന്റെ പുതിയ മുഖം; സുധാ കൊങ്കരയുടെ 'പരാശക്തി' ടീസർ

ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സൂരറൈ പോട്ട്രുവിന് ശേഷം സുധ കൊങ്കരയുടെ അടുത്ത ഗംഭീര സിനിമയാകും പരാശക്തിയെന്ന സൂചനയാണ് ടീസർ നൽകുന്നത്.

Also Read:

Entertainment News
റിയലിലും റീലിലും പേരുമാറ്റം, ഇത് രവി മോഹന്‍ 2.O എന്ന് പ്രേക്ഷകർ; 'കരാത്തെ ബാബു' ടീസറിലെ ബ്രില്യന്‍സ് വെെറല്‍

ചിത്രത്തിൽ ശിവകാർത്തികേയന്റെ അനിയനായാണ് അഥർവ എത്തുന്നതെന്ന സൂചനയുണ്ട്. രവി മോഹനാണ് വില്ലനായി എത്തുന്നത്. ടീസറിലെ രവി മോഹന്റെ ലുക്ക് ചർച്ചയാകുന്നുണ്ട്. തെലുങ്കിലെ പുത്തൻ സെൻസേഷൻ ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാർത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്.

150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്. സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോൾ പരാശക്തിയായി മാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ദീപാവലി റിലീസായി തിയേറ്ററിൽ എത്തുമെന്ന് സൂചനയുണ്ട്. നിലവിൽ ശിവകാർത്തികേയൻ എ ആർ മുരുഗദോസിനൊപ്പമുള്ള ചിത്രത്തിലാണ് വർക്ക് ചെയ്യുന്നത്. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് ശേഷം നടൻ 'ഡോൺ' എന്ന സിനിമയുടെ സംവിധായകനായ സിബി ചക്രവര്‍ത്തിയുടെ അടുത്ത ചിത്രത്തിൽ അഭിനയിക്കും.

Content Highlights: Sivakarthikeyan new film Parasakthi title teaser out now

To advertise here,contact us