'വിടാമുയർച്ചിയുടെ കഥ എന്റേതല്ല, അജിത് സാറാണ് ഇത് നിർദേശിച്ചത്'; വെളിപ്പെടുത്തി സംവിധായകൻ

'ഒരു സൂപ്പർഹീറോയെ പ്രതീക്ഷിക്കുന്നവരോട്… ഇത് നിങ്ങൾക്കുള്ള സിനിമയല്ല'

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ചിത്രം ബ്രേക്ക് ഡൗണിൽ നിന്ന് പ്രചോദനം കൊണ്ടാണ് വിടാമുയർച്ചി ഒരുക്കിയിരിക്കുന്നത് എന്ന അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിതാ സിനിമയുടെ കഥ അജിത്താണ് നിർദ്ദേശിച്ചത് എന്ന് പറയുകയാണ് മഗിഴ് തിരുമേനി.

'ഈ സിനിമയുടെ കഥ എന്റേതല്ല. അജിത് സാറിനെ നായകനാക്കി ഒരു ആക്ഷൻ ത്രില്ലർ ഒരുക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്നാൽ അജിത് സാറാണ് ഇത് നിർദേശിച്ചത്. ഇത് ഒരിക്കലും ഒരു മാസ് എന്റർടെയ്നറായിരിക്കില്ല. ആരാധകർ അത്തരമൊരു സിനിമ പ്രതീക്ഷിക്കേണ്ടതില്ല. ഒരു സൂപ്പർഹീറോയെ പ്രതീക്ഷിക്കുന്നവരോട്… ഇത് നിങ്ങൾക്കുള്ള സിനിമയല്ല. വിടാമുയർച്ചി പറയുന്നത് ഒരു സാധാരണ മനുഷ്യൻ അസാധാരണമായ സംഭവങ്ങളിലൂടെ കടന്നു പോകുന്നതിനെക്കുറിച്ചാണ്,' എന്ന് മഗിഴ് തിരുമേനി പറഞ്ഞു. ഹിന്ദു തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി ആറിനാണ് വിടാമുയർച്ചി റിലീസ് ചെയ്യുന്നത്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

Also Read:

Entertainment News
തനിയാവർത്തനവും അമരവും കണ്ട് അത്ഭുതപ്പെട്ടു, ഇന്ന് മമ്മൂട്ടി സിനിമയുടെ സംവിധായകൻ; കുറിപ്പുമായി ഗൗതം മേനോൻ

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Vidaamuyarchi's story was chosen by Ajith says Magizh Thirumeni

To advertise here,contact us