2024 ൽ അരൺമനൈ, ഇപ്പോൾ മദ ഗജ രാജ; കോളിവുഡിനെ തിയേറ്ററുകളിലെത്തിക്കുന്ന ഡയറക്ടർ സുന്ദർ സി

വിശാൽ നായകനായ മദ ഗജ രാജ തിയേറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ കോളിവുഡിന് ലഭിച്ചിരിക്കുന്നത് ഈ വർഷത്തെ ആദ്യ സുപ്പർഹിറ്റാണ്.

റിലീസ് മുടങ്ങിയ ചിത്രം 12 വർഷങ്ങൾക്ക് ശേഷം റിലീസിനെത്തി തമിഴകത്തെ മുഴുവൻ ഞെട്ടിക്കുകയാണ്. വിശാൽ നായകനായ മദ ഗജ രാജ തിയേറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ കോളിവുഡിന് ലഭിച്ചിരിക്കുന്നത് ഈ വർഷത്തെ ആദ്യ സുപ്പർഹിറ്റാണ്. സൂപ്പർ സംവിധായകരും സൂപ്പർ താരങ്ങളും ഒന്നിക്കുമ്പോൾ പോലും പ്രേക്ഷകർ തിയേറ്ററുകളിലേക്ക് വരുന്നില്ല എന്ന അവസ്ഥയിലാണ് 12 വർഷങ്ങൾക്ക് ശേഷം റിലീസിനെത്തിയ സിനിമ കൊണ്ട് സുന്ദർ സി എന്ന സംവിധായകൻ തിയേറ്ററുകൾ നിറയ്ക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വർഷം തുടർച്ചയായുള്ള പരാജയങ്ങൾ കൊണ്ട് വീർപ്പുമുട്ടിയ കോളിവുഡിന് പുത്തൻ ഉണർവ് നൽകിയത് സുന്ദർ സി ഒരുക്കിയ അരൺമനൈ 4 എന്ന ചിത്രമായിരുന്നു. 40 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ 100 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ നേടിയത്. സുന്ദർ സിയുടെ സ്ഥിരം ഫോർമാറ്റിൽ എത്തിയ ചിത്രത്തിൽ സംവിധായകനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ സുന്ദർ സി മദ ഗജ രാജ എന്ന സിനിമയിലൂടെ വീണ്ടും തിയേറ്ററുകൾ നിറയ്ക്കുകയാണ്. പൊങ്കൽ റിലീസായെത്തി വമ്പൻ സിനിമകളെ പോലും മറികടന്നാണ് സിനിമ മുന്നേറുന്നത്. കഥാപരമായോ മേക്കിങ്ങിലോ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രം വിജയമാകുമ്പോൾ സുന്ദർ സി എന്ന സംവിധായകനും സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുകയാണ്.

12 വർഷങ്ങൾക്ക് ഇപ്പുറവും സിനിമ ഫ്രഷ് ആയി തന്നെ ഉണ്ടെന്നും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നുമാണ് റിവ്യൂസ് സൂചിപ്പിക്കുന്നത്. സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. നിരവധി പരാജയ സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ വിശാലിന്റെ വമ്പൻ തിരിച്ചുവരവാകും മദ ഗജ രാജ എന്നാണ് വിലയിരുത്തൽ.

Also Read:

Entertainment News
തിയേറ്ററിൽ തിരിച്ചടി, ഈ ഭൂതം ഒടിടിയിൽ കസറുമോ? ബറോസ് ഡിജിറ്റൽ സ്ട്രീമിങ്ങിന്

അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.

Content Highlights: Sundar C makes hits to Kollywood through Madha Gaja Raja and Aranmanai 4

To advertise here,contact us