മമ്മൂട്ടിയുണ്ടോ എന്ന ചോദ്യം, രേഖാചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ലെന്ന് ആസിഫ് അലി

'ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശർ ആവില്ല എന്ന് ഞാൻ ഉറപ്പ്‌ തരുന്നു. നിങ്ങളെ കാത്ത് ഒരു കുഞ്ഞു സർപ്രൈസ് ഈ സിനിമയിൽ ഒളിഞ്ഞു കിടപ്പുണ്ട്.'

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് രേഖാചിത്രം. സിനിമ തിയേറ്ററുകളിലേക്കെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുക്കയാണ് ആസിഫ് അലി. ചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്നത് തൽക്കാലം പറയാൻ കഴിയില്ലെന്നും എന്നാൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ലെന്നും ആസിഫ് അലി പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. സിനിമയ്ക്ക് എല്ലാ വിധ പിൻബലവും നൽകിയതിന് മമ്മൂക്കയോടുള്ള നന്ദിയും ആസിഫ് പങ്കുവെച്ചു.

'രേഖാചിത്രം' എന്ന എന്റെ ഏറ്റവും പുതിയ ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. ഈ സിനിമയിൽ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യൽ മീഡിയ ചർച്ചകളും നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാൻ ഈ ചിത്രത്തിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ തൽക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശർ ആവില്ല എന്ന് ഞാൻ ഉറപ്പ്‌ തരുന്നു. നിങ്ങളെ കാത്ത് ഒരു കുഞ്ഞു സർപ്രൈസ് ഈ സിനിമയിൽ ഒളിഞ്ഞു കിടപ്പുണ്ട്.

സിനിമയുടെ റിലീസ് കാത്തു നിൽക്കുന്ന ഈ രാത്രിയിൽ, നിങ്ങളെല്ലാവരുടെയും മുന്നിൽ വച്ച് തന്നെ പറയേണ്ട മറ്റൊരു കാര്യമുണ്ട് - അത് മമ്മൂട്ടി എന്ന മഹാനടനോടും, ഒരുപക്ഷെ അതിലേറെ, ഞാൻ ഒരുപാട് സ്നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്ക എന്ന വ്യക്തിയോടും ഉള്ള എന്റെ നന്ദിയാണ്. കാരണം അദ്ദേഹത്തിന്റെ സമ്മതവും, അനുഗ്രഹവും, അദ്ദേഹം തന്ന ധൈര്യവും, ഞങ്ങളോടും ഈ സിനിമയോടും അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ, ഒരിക്കലും ഈ സിനിമ സംഭവിക്കില്ലായിരുന്നു. ഈ സിനിമയിലെന്ന പോലെ, എന്റെ കരിയറിലും, ദിശാബോധവും ധൈര്യവും തന്ന ഒരു നെടുംതൂണായി അദ്ദേഹത്തിന്റെ പ്രെസെൻസ് എന്നുമുണ്ടായിരുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞാൽ തീരുന്നതല്ല, എന്നാലും മമ്മൂക്ക - എന്റെ മനസ്സും ഉള്ളും നിറഞ്ഞ നന്ദി,' ആസിഫ് അലി പറഞ്ഞു.

Also Read:

Entertainment News
വിവാദങ്ങൾ ചൂടുപിടിക്കുമ്പോൾ യഷിന് പിറന്നാൾ ആശംസകളുമായി ഗീതു മോഹൻ ദാസ്

ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് രേഖാചിത്രം. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമിക്കുന്നത്. 2024ൽ ‘തലവൻ’, ‘അഡിയോസ് അമിഗോ’, 'ലെവൽ ക്രോസ്', ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് അലിയുടെ അടുത്ത ബെഞ്ച് മാർക്കായിരിക്കും 'രേഖാചിത്രം' എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlights: Asif Ali says those expecting Mammooka in the rekhachithram will not be disappointed

To advertise here,contact us