ഡബ്ബ് വേര്‍ഷന്‍ ഇല്ലാതിരുന്നിട്ട് കൂടി ആ സിനിമയെ ആളുകള്‍ ഏറ്റെടുത്തത് ക്ലൈമാക്‌സിലെ പാട്ട് കാരണം; പാ രഞ്ജിത്

'ആ പാട്ടിന് ശേഷം സിനിമ തീര്‍ത്തില്ല, പിന്നീട് അവര്‍ എന്ത് ചെയ്തു എന്നതൊക്കെ കാണിച്ചത് ക്ലീഷേ ബ്രേക്കിങ്ങായി തോന്നി'

മലയാള സിനിമയുടെ സീൻ തന്നെ മാറ്റി മറിച്ച ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്'. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ 200 കോടിയും കടന്ന് പോയിരുന്നു. ചിത്രത്തിന് ലഭിച്ച കളക്ഷന്റെ നല്ലൊരു പങ്കും തമിഴ് നാട്ടിൽ നിന്നായിരുന്നു. തമിഴ് ഡബ്ബ് ഇല്ലെങ്കില്‍ പോലും ആ സിനിമ തമിഴ് ഓഡിയന്‍സുമായി കണക്ടായത് ക്ലൈമാക്‌സിലെ പാട്ട് കാരണമാണെന്നും റൊമാന്‍സിന് സ്ഥാനം കൊടുക്കാതെ പൂര്‍ണമായും ഫ്രണ്ട്ഷിപ്പിന് പ്രധാന്യം കൊടുക്കുക എന്നത് വലിയ ടാസ്‌കാണെന്നും ചിദംബരം അതില്‍ വിജയിച്ചെന്നും സംവിധായകൻ പാ രഞ്ജിത് പറഞ്ഞു. സിനി ഉലക് നടത്തിയ റൗണ്ട് ടേബിളിലാണ് പ്രതികരണം.

'മഞ്ഞുമ്മല്‍ ബോയ്‌സ് ഞാന്‍ തിയേറ്ററില്‍ നിന്ന് കണ്ടിരുന്നു. മൂന്നാമത്തെ ആഴ്ചയോ മറ്റോ ആണ് എനിക്ക് കാണാന്‍ സാധിച്ചത്. തമിഴ് ഓഡിയന്‍സ് ഈയടുത്ത് ഒരു അന്യഭാഷാ സിനിമയെ ഇങ്ങനെ സ്വീകരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഭാഷയുടെ അതിര്‍ത്തി തകര്‍ത്താണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

ഡബ്ബ് വേര്‍ഷന്‍ ഇല്ലാതിരുന്നിട്ട് കൂടി ആ സിനിമയെ ആളുകള്‍ ഏറ്റെടുത്തത് അതിന്റെ ക്ലൈമാക്‌സില്‍ വരുന്ന പാട്ട് കാരണമാണ്. നമ്മുടെ നാട്ടില്‍ ക്ലാസിക് സ്റ്റാറ്റസ് കിട്ടിയ ഒരു പാട്ടിനെ വ്യത്യസ്തമായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ അവതരിപ്പിച്ചത്. ആണ്‍കൂട്ടങ്ങള്‍ക്കിടയിലെ സൗഹൃദത്തെ എന്ത് മനോഹരമായാണ് സിനിമ എടുത്തുവെച്ചത്. റൊമാന്‍സിന് ഈ സിനിമയില്‍ സ്ഥാനമില്ല.

ചിദംബരം ചെയ്ത മറ്റൊരു നല്ല കാര്യം ആ പാട്ടിന് ശേഷം സിനിമ തീര്‍ത്തില്ല എന്നതാണ്, പിന്നീട് അവര്‍ എന്ത് ചെയ്തു എന്നതൊക്കെ കാണിച്ചത് ക്ലീഷേ ബ്രേക്കിങ്ങായി തോന്നി. ആ സിനിമയുടെ വിജയം മറ്റുള്ളവര്‍ക്ക് ഒരു ഇന്‍സ്പിറേഷനാണ്,’ പാ രഞ്ജിത് പറഞ്ഞു.

Also Read:

Entertainment News
'പ്രധാന വേഷം എന്ന് കരുതി, പക്ഷേ കാർട്ടൂൺ കഥാപാത്രമാക്കി'; അണ്ണാത്തെ നിരാശ സമ്മാനിച്ചെന്ന് ഖുശ്‌ബു

ചിയാൻ വിക്രം നായകനായ തങ്കലാൻ എന്ന ചിത്രമാണ് പാ രഞ്ജിത്തിന്റേതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രം. ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേർന്നാണ്. ആഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlights:  Director Pa Ranjith talks about Manjummal Boys

To advertise here,contact us