'ഉണ്ണി മുകുന്ദനാല്‍ ഞാൻ കൊല്ലപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു'; 'മാർക്കോ'യെ കുറിച്ച് രാംഗോപാല്‍ വർമ

കുറച്ചു തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മാർക്കോ'. വലിയ ഹൈപ്പിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യുവ പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഹിന്ദി പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ്മ.

'മാര്‍ക്കോ' സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രശംസ ഇതിന് മുമ്പ് ഒരു സിനിമയ്ക്കും കേട്ടിട്ടില്ലെന്നാണ് രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചത്. ചിത്രം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നെന്നും ഉണ്ണി മുകുന്ദനാല്‍ താന്‍ കൊല്ലപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും നടനെ ടാഗ് ചെയ്ത് രാംഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു. കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. ഹിന്ദി പതിപ്പിന് പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക.

Never heard MORE SHOCKING PRAISE for ANY FILM more than #Marco film ..DYING TO SEE IT , and I hope I too won’t get killed by @Iamunnimukundan 🙏🏻🙏🏻🙏🏻💪💪💪

സിനിമയുടെ നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് തന്നെയാണ് സിനിമ അൻപത് കോടി ക്ലബ്ബിലെത്തിയെന്ന വാർത്ത പുറത്തുവിട്ടത്. അഞ്ച് ദിവസം കൊണ്ടാണ് മാർക്കോ ഈ നേട്ടം കൈവരിച്ചത്. ഇതേ കുതിപ്പ് തുടർന്നാൽ സിനിമ വേഗം 100 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദന്റെ മിന്നുന്ന പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും പറയുന്നത്. ഹോളിവുഡ് ചിത്രം ജോണ്‍ വിക്കുമായി പലരും മാര്‍ക്കോയെ താരതമ്യം ചെയ്യുന്നുണ്ട്. 'ജോണ്‍ വിക്കിന്റെ അപ്പനായിട്ടു വരും' എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Also Read:

Entertainment News
ഉപേക്ഷിച്ചിട്ടില്ല, ഉറപ്പായും ഉണ്ടാകും, വാടിവാസൽ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് നിർമ്മാതാവ്

മാര്‍ക്കോയിലെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍ സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.

Content Highlights: Ram Gopal Varma praises Unni mukundan and Marco

To advertise here,contact us