ഒരുപാട് നേരം കാത്തിരുന്നിട്ട് ഷോട്ട് ഇല്ലെന്ന് പറഞ്ഞാലും, ഈ സെറ്റിൽ വിഷമം തോന്നിയിട്ടില്ല; വിജയ രാഘവൻ

ഷോട്ട് തീർക്കുന്നതിലും പ്രധാനം വട്ടത്തിലിരുന്ന് സംസാരിക്കുന്നതാണ്. സിനിമാ ജീവിതത്തിലെ മനോഹരമായ ഓർമകൾ അതൊക്കെയാണ്

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വർഷങ്ങൾക്കു മുന്നേ അനുഭവിച്ച അനുഭൂതിയാണ് ഈ സിനിമയുടെ സെറ്റിൽ നിന്ന് ലഭിച്ചതെന്ന് പറയുകയാണ് നടൻ വിജയരാഘവൻ. 20 ദിവസത്തെ ഡേറ്റ് പറഞ്ഞിട്ട് 32 ദിവസത്തോളം ചിത്രത്തിൽ ഉണ്ടായിരുന്നുവെന്നും ഒരുപാട് നേരം കാത്തിരുന്നിട്ട് ഷോട്ട് ഇല്ലെന്ന് പറയുമ്പോൾ ഈ സെറ്റിൽ വിഷമം തോന്നിയിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'വർഷങ്ങൾക്കു മുന്നേ അനുഭവിച്ച അനുഭൂതിയാണ് ഈ ചിത്രത്തിലൂടെ ലഭിച്ചത്. മുൻപ് കാരവാൻ ഇല്ലാത്തതിനാൽ ഒരു ഷോട്ട് കഴിഞ്ഞ ഉടൻ കൂട്ടമായി ഇരുന്നു സംസാരിക്കും. മര തണലോ, വീട്ടു മുറ്റമോ, തിണ്ണയിലോ ഒക്കെ ഇരുന്നാണ് സംസാരം. ഷോട്ട് തീർക്കുന്നതിലും പ്രധാനം വട്ടത്തിലിരുന്ന് സംസാരിക്കാനാണ്. സിനിമാ ജീവിതത്തിലെ മനോഹരമായ ഓർമകൾ അതൊക്കെയാണ്. അതൊക്കെ മാറിപ്പോയി.

ഇവിടെ ലൊക്കേഷൻ കണ്ടുപിടിച്ചത് ഏക്കറു കണക്കിന് കാടുള്ള ഒരു ഇടത്താണ്. റൈഫിൾ ക്ലബ് സെറ്റിട്ടത് ഇതിന് നടുക്കാണ്. അഞ്ചു മുറികൾ ഇതിനോടടുത്ത് ഉണ്ടാക്കിയിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും മേക്കപ്പിനൊക്കെയായി. പക്ഷെ എല്ലാവരും ഒരു മുറിയിലാണ് ഉണ്ടാകുക. കളിയാക്കൽ ഒക്കെയായി കൂടും. അടുത്തിടെ ഒന്നും ഇങ്ങനെ കളിയാക്കിയിട്ടില്ല. ഞാൻ നന്നായി എൻജോയ് ചെയ്തു. കുറേ നാളുകൾക്ക് ശേഷമാണ് അങ്ങനെ. സുരഭി ഒക്കെ നല്ല രസമായിരുന്നു. 32 ദിവസത്തോളമുണ്ടായിരുന്നു സിനിമയിൽ, എന്നോട് 20 ദിവസം എന്നാണ് പറഞ്ഞിരുന്നത്. ചിലപ്പോൾ ഷോട്ട് ഉണ്ടാവില്ല, അല്ലെങ്കിൽ രണ്ട് ഷോട്ട് ഒക്കെയേ കാണു. രാത്രി രണ്ടു മണി മുതൽ മൂന്ന് മണി വരെ ഒക്കെ ഇരിക്കും. അപ്പോഴാണ് ഇന്ന് ഷോട്ട് ഇല്ലെന്ന് പറയുന്നത്. അതിൽ വിഷമം തോന്നിയിട്ടില്ല. കൂട്ടായ്മയുടെ സുഖം ഉണ്ടായിരുന്നു,' വിജയ രാഘവൻ പറഞ്ഞു.

Also Read:

Entertainment News
കേരളത്തിലെ സിനിമകളിൽ ജീവിതം ഉണ്ട്, തെലുങ്കിൽ അവർക്ക് ജീവിതത്തേക്കാൾ വലുത് വേണം: അനുപമ പരമേശ്വരൻ

അതേസമയം, റൈഫിൾ ക്ലബ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ് എന്നാണ് അഭിപ്രായം. അനുരാഗ് കശ്യപിനൊപ്പം സിനിമയിലെ ഫൈറ്റ് സീനുകൾക്ക് വലിയ റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിച്ചത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlights: vijaya raghavan about rifle club location

To advertise here,contact us