പുഷ്പ എന്നാൽ ബ്രാൻഡാണ്; ഈ വർഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രം പുഷ്പ 2

സ്ത്രീ 2, സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 തുടങ്ങിയ സിനിമകളെ മറികടന്നാണ് പുഷ്പ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്

2024 ൽ ഏറ്റവും അധികം ആളുകൾ കണ്ട സിനിമകളുടെ പട്ടികയുമായി ഓൺലൈൻ ബുക്കിങ് പ്ലാറ്റഫോമായ ബുക്ക് മൈ ഷോ. അല്ലു അർജുൻ ചിത്രം പുഷ്പ 2 വാണ് ഈ വർഷം ഏറ്റവുമധികം പ്രേക്ഷകർ കണ്ട ഇന്ത്യൻ ചിത്രം. ഏകദേശം 10.8 ലക്ഷം സോളോ വ്യൂവേഴ്‌സാണ് സിനിമയ്ക്ക് ലഭിച്ചത് എന്ന് ബുക്ക് മൈ ഷോയുടെ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ 2, സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 തുടങ്ങിയ ബോളിവുഡ് സിനിമകളെയും കല്‍ക്കി 2898 എഡി, മഞ്ഞുമ്മല്‍ ബോയ്‌സ്, അമരന്‍ തുടങ്ങിയ തെന്നിന്ത്യൻ സിനിമകളെയും മറികടന്നാണ് പുഷ്പ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

അതേസമയം റിലീസ് ചെയ്ത് രണ്ടുവാരം കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 1500 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഒരു ഇന്ത്യൻ സിനിമ ഏറ്റവും വേഗത്തിൽ ഈ കളക്ഷനിൽ എത്തുന്ന ആദ്യ സിനിമ കൂടിയാണ് പുഷ്പ 2. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പുഷ്പ 2. ഹിന്ദി വേർഷനിൽ നിന്ന് മാത്രം ചിത്രം 600 കോടിയാണ് നേടിയിരിക്കുന്നത്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. 293.3 കോടിയാണ് പുഷ്പയുടെ തെലുങ്ക് വേർഷന്റെ ആകെ കളക്ഷൻ. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.

Also Read:

Entertainment News
ദളപതിയെ മറികടന്ന് പ്രഭാസ്, മുന്നേറ്റമുണ്ടാക്കി അല്ലു അര്‍ജുന്‍; ജനപ്രിയനടന്‍മാരുടെ ലിസ്റ്റ് പുറത്ത്‌

2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലും എസ് എസ് രാജമൗലി ചിത്രമായ ബാഹുബലി രണ്ടാം ഭാഗവുമാണ് ഇനി പുഷ്പക്ക് മുന്നിലുള്ള സിനിമകൾ. ഇതേ കളക്ഷൻ തുടർന്നാൽ വൈകാതെ തന്നെ പുഷ്പ 2, 2000 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

Content Highlights: Pushpa 2 is the most watched Indian movie of this year

To advertise here,contact us