ഒബാമയുടെ മനസിലും ഇടം നേടി 'മലയാളി പ്രഭ'; 2024ലെ പ്രിയ സിനിമകളിൽ ഒന്നാമതായി ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ഏറെ അഭിമാനകരമാകുന്ന നേട്ടങ്ങള്‍‌ കെെവരിച്ച സിനിമയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം). എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഒബാമ തന്റെ പ്രിയ സിനിമകളുടെ പട്ടിക പങ്കുവെച്ചത്. 'ഈ വർഷം കാണുന്നതിന് ഞാൻ ശുപാർശ ചെയ്യുന്ന കുറച്ച് സിനിമകൾ ഇതാ' എന്ന കുറിപ്പോടെയാണ് അദ്ദേഹം പട്ടിക പങ്കുവെച്ചത്. ഇതിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റിനൊപ്പം കോൺക്ലേവ്, ദി പിയാനോ ലെസൺ, ദി പ്രോമിസ്ഡ് ലാൻഡ്, ദി സീഡ് ഓഫ് ദി സെക്രഡ് ഫിഗ്, ഡ്യൂൺ: പാർട്ട് 2, അനോറ, ദീദി, എ കംപ്ലീറ്റ് അൺനോൺ എന്നീ സിനിമകളുമുണ്ട്.

Here are a few movies I’d recommend checking out this year. pic.twitter.com/UtdKmsNUE8

അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ഏറെ അഭിമാനമാകുന്ന സിനിമയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ നോമിനേഷൻ ലിസ്റ്റിലും സിനിമ ഇടം നേടിയിട്ടുണ്ട്. മികച്ച ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ സംവിധായകയായി പായൽ കപാഡിയ മാറി. ഇതിന് പുറമെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചറിനുള്ള അവാർഡും 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ​ഗ്രാൻഡ് പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു.

‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ അടുത്തിടെ ചിത്രം കേരളത്തിലെ തിയേറ്ററുകളിലുമെത്തിയിരുന്നു. പിന്നാലെ സിനിമയിലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമര്‍ശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തിയതോടെ വിഷയം ചർച്ചകളിൽ ഇടം നേടുകയും ചെയ്തു.

Also Read:

Entertainment News
2000ത്തിൽ ആ കോൾ വന്നില്ലായിരുന്നെങ്കിൽ ഈ ഞാൻ ഉണ്ടാകില്ലായിരുന്നു;സ്‌റ്റേജിൽ വികാരാധീനനായി സൂര്യ

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.

Content Highlights: All We Imagine as Light tops Barack Obama's favourite films of 2024

To advertise here,contact us