50 വയസ് കഴിഞ്ഞു, ജീവിതത്തിലൊരു കൂട്ട് വേണം; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നിഷ സാരംഗ്

"അമ്മയുടെ പണത്തിലും പ്രശസ്തിയിലും മാത്രം താല്‍പര്യം കാണിക്കാതെ, അവരെ മനസിലാക്കി സ്നേഹിക്കുന്ന ഒരാള്‍ വേണം" നിഷയുടെ മകള്‍ രേവതി

ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് നടി നിഷ സാംരംഗ്. സ്വഭാവിക അഭിനയത്തിലൂടെയും നര്‍മമുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകമനസില്‍ ഇടം നേടിയ നടി വ്യക്തിജീവിതത്തില്‍ തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും തുറന്നു പറയുകയാണ് ഇപ്പോള്‍.

അന്‍പത് വയസുവരെയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയായിരുന്നു എന്നും ഇനി സ്വയം ശ്രദ്ധിക്കാനും തനിക്കായി തന്നെ ജീവിക്കാനും ആഗ്രഹിക്കുന്നുവെന്ന് നിഷ പറയുന്നു. ഒപ്പം ഒരു കൂട്ട് വേണമെന്ന് തോന്നിത്തുടങ്ങിയെന്നും വീണ്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കുകയാണെന്നും ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞു.

'കുട്ടികള്‍ വലുതാകുമ്പോള്‍ അവരുടെ ചിന്തയും നമ്മളുടെ ചിന്തയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടാകും. അവര്‍ക്ക് നമ്മള്‍ പറയുന്നത് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നത് കേള്‍ക്കാനും മനസിലാക്കാനും പറ്റിയ ഒരാള്‍ കൂടെ വേണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.

Also Read:

Entertainment News
കരഞ്ഞുകൊണ്ട് ഓടിയെത്തി മക്കളും ഭാര്യയും അനിയനും, കെട്ടിപ്പുണര്‍ന്ന് അല്ലു അര്‍ജുന്‍; വീഡിയോ വൈറല്‍

തിരക്കിട്ട ജീവിതമാണ്. അതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ വീട്ടിലേക്കാണ് വരുന്നത്. വേറെ എവിടെയും പോകുന്നില്ല. ആ വീട്ടില്‍ എന്നെ കേള്‍ക്കാന്‍ കഴിയുന്ന ഒരാള്‍ വേണമെന്നുണ്ട്. അല്ലെങ്കില്‍ മനസ് കൈവിട്ടുപോകും. ഒറ്റയ്ക്കിരുന്ന് കരയാനൊക്കെ തോന്നും.

50 വയസ് കഴിഞ്ഞു, ഇനി ഞാന്‍ എന്റെ ആരോഗ്യം ശ്രദ്ധിക്കണം. എന്റെ ആരോഗ്യത്തിന് ഞാന്‍ സന്തോഷമായിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഞാന്‍ എന്നെ നോക്കിയേ തീരു. ഇപ്പോള്‍ ജിമ്മില്‍ പോകുന്നുണ്ട്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. 50 വയസ് കഴിഞ്ഞാല്‍ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയത് ജീവിച്ചുതുടങ്ങുമെന്ന് ഞാന്‍ ഇവരോട് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. അപ്പോള്‍ തടയാന്‍ വരരുതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്,' നിഷ പറയുന്നു.

മകള്‍ രേവതിയും നിഷയ്‌ക്കൊപ്പം അഭിമുഖത്തിലുണ്ടായിരുന്നു. അമ്മയുടെ പണത്തിലോ പ്രശസ്തിയിലോ മാത്രം താല്‍പര്യം കാണിക്കുന്ന ആളാകരുത് ജീവിതപങ്കാളിയെന്നും അവരെ മനസിലാക്കി സ്‌നേഹിക്കുന്ന വ്യക്തിയായിരിക്കണം എന്നും ആഗ്രഹമുണ്ടെന്നും രേവതി പറഞ്ഞു.

പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെയായിരുന്നു നിഷയുടെ ആദ്യ വിവാഹം. ആ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.

Content Highlights: Actress Nisha Sarang opens up about wanting to get married again

To advertise here,contact us