ബേസിൽ ജോസഫ് - നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് 'സൂക്ഷ്മദർശിനി'. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നസ്രിയയുടെ തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രത്തിലൂടെ. 50 കോടി ക്ലബ്ബിലെത്തിയെ നായിക എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നടി.
സാധാരണ നായകൻമാരുടെ പേരുകളിൽ മാത്രമായിരുന്നു 50 കോടി ക്ലബ് അടയാളപ്പെടുത്താറുള്ളത്. എന്നാൽ സൂക്ഷ്മദർശിനിയിലൂടെ നസ്രിയ ഇത് സ്വന്തമാക്കിയിരിക്കുകയാണ്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. ഇരു താരങ്ങളുടെയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകാഭിപ്രായം.
നവംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂർണ്ണ പിന്തുണയോടെ ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. ഹാപ്പി ഹവേർസ് എന്റർടെയ്ൻമെന്റ്സിന്റേയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
Content Highlights: Nazriya shines in the spotlight, excellent comment for the character