ലോകസിനിമകളോട് മത്സരിക്കാന്‍ മലയാളിയുടെ സിനിമയും; ജയന്‍ ചെറിയാന്റെ 'റിഥം ഓഫ് ദമാം' IFFKയില്‍

ഗോവന്‍ കാടുകളില്‍ താമസിക്കുന്ന സിദ്ധി സമൂഹത്തോടൊപ്പം പത്ത് വര്‍ഷത്തോളം സഞ്ചരിച്ചും അവരെ കുറിച്ച് ആഴത്തില്‍ മനസിലാക്കിയുമാണ് ജയന്‍ ചെറിയാന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.

പപ്പിലിയോ ബുദ്ധ, ക ബോഡിസ്‌കേപ്‌സ്, ദ ഷേപ്പ് ഓഫ് ഷേപ്പ്‌ലെസ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജയന്‍ ചെറിയാന്റെ പുതിയ ചിത്രം 'റിഥം ഓഫ് ദമാം' ഐഎഫ്എഫ്‌കെയില്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

ആഫ്രിക്കയില്‍ നിന്നും കൊളോണിയല്‍ അധിനിവേശ കാലത്ത് ഗോവയിലേക്കുള്ള മനുഷ്യക്കടത്തിന്റെ ഭാഗമായി എത്തപ്പെട്ട സിദ്ധി സമൂഹത്തിന്റെ വംശചരിത്രം പറയുന്ന ചിത്രമാണ് റിഥം ഓഫ് ദമാം. ഗോത്രസ്മൃതികളുടെ ഈണവും താളവും അതിസൂക്ഷ്മമായി ഒപ്പിയെടുക്കാനാണ് ചിത്രത്തിലൂടെ ജയന്‍ ചെറിയാന്‍ ശ്രമിക്കുന്നത്.

സിദ്ധി സമൂഹത്തിന്റെ ജീവിതം ആദ്യമായാണ് ഒരു ചലച്ചിത്രത്തിന് പ്രമേയമാകുന്നത്. ഗോവന്‍ കാടുകളില്‍ താമസിക്കുന്ന സിദ്ധി സമൂഹത്തോടൊപ്പം പത്ത് വര്‍ഷത്തോളം സഞ്ചരിച്ചും അവരെ കുറിച്ച് ആഴത്തില്‍ മനസിലാക്കിയുമാണ് ജയന്‍ ചെറിയാന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സിദ്ധി വിഭാഗത്തിലുള്ളവര്‍ തന്നെയാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read:

Entertainment News
സംവിധാനവും അഭിനയവും പാട്ടും മോഹൻലാൽ തന്നെ, ബറോസ് ആദ്യ ഗാനം ഇറങ്ങി

ചിന്മയ സിദ്ധി എന്ന ബാലനെ മുത്തച്ഛന്റെ ആത്മാവ് ആവേശിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമായാണ് ചിത്രം കഥ പറയുന്നത്. ജയന്‍ ചെറിയാന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. റിഥം ഓഫം ദമാം നേരത്തെ IFFI യില്‍ വേള്‍ഡ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. മികച്ച അഭിപ്രായമായിരുന്നു ചിത്രം നേടിയത്.

ഡിസംബര്‍ 13 ന് ആരംഭിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്ന് തവണയാണ് റിഥം ഓഫ് ദമാം പ്രദര്‍ശിപ്പിക്കപ്പെടുക. 15ാം തീയതി രാവിലെ 9.15ന് ന്യൂ തിയേറ്ററിലും 17ന് ടാഗോര്‍ തിയേറ്ററില്‍ 11.30നും ഷോസ് ഉണ്ട്. ഡിസംബര്‍ 19ന് വൈകീട്ട് 6മണിക്ക് കൈരളി തിയേറ്ററിലാണ് ചിത്രത്തിന്റെ അവസാന ഷോ.

Content Highlights: Jayan Cherian's Rhythmn of Damam selected for International Competition for IFFK 2024

To advertise here,contact us