'റിലീസിനു ശേഷം 3 ദിവസം റിവ്യൂവേഴ്‌സിനെ തിയേറ്റർ പരിസരത്ത് അടുപ്പിക്കരുത്,' തമിഴ് നിർമാതാക്കൾ ഹൈക്കോടതിയിൽ

മലയാള സിനിമാ നിര്‍മാതാക്കളും റിവ്യൂകള്‍ക്ക് എതിരെ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു

തിയേറ്ററുകളിൽ സിനിമാ റിവ്യൂ തടയണമെന്ന ആവശ്യവുമായി തമിഴ് നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞല്ലാതെ സോഷ്യൽ മീഡിയയിൽ റിവ്യൂകള്‍ അനുവദിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും നിർമാതാക്കൾ ഹർജിയിൽ ആവശ്യപ്പെടുന്നു.

അടുത്തിടെ, തിയേറ്ററുകള്‍ക്കുള്ളില്‍ വന്ന് യുട്യൂബേഴ്സും മറ്റും റിവ്യൂ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ ഉടമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടയില്‍ ഹര്‍ജിയുമായി നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.

മനഃപ്പൂർവം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് റിവ്യൂവർന്മാർ നടത്തുന്നതെന്നും വേട്ടയ്യന്‍, കങ്കുവ, ഇന്ത്യൻ -2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു. തമിഴ്നാട്ടിൽ സമീപകാലത്ത് റിലീസ് ചെയ്ത ബി​ഗ് ബജറ്റ് സിനിമകൾ പ്രതീക്ഷിച്ച കളക്ഷൻ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവ റിലീസ് ചെയ്ത് ആദ്യ ഷോയുടെ ഇടവേളയിൽ തന്നെ നെ​ഗറ്റീവ് റിവ്യൂകൾ വന്നിരുന്നു. സിനിമയുടെ വലിയ പരാജയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇക്കാര്യം നിര്‍മാതാക്കള്‍ക്കിടയില്‍ വലിയ ചർച്ചയായിരുന്നു.

Also Read:

Entertainment News
'എമ്പുരാനിൽ വില്ലൻ ആരാണെന്ന് അറിയില്ല, കഥ അറിയാവുന്നത് നാലു പേർക്ക് മാത്രം'; നന്ദു

അടുത്തിടെ മലയാള സിനിമാ നിര്‍മാതാക്കളും റിവ്യൂകള്‍ക്ക് എതിരെ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. റിവ്യൂ ബോംബിങ്ങിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിരുന്നു.

Content Highlights: Tamil producers in high court against reviewers

To advertise here,contact us