'നമ്മളൊക്കെ പഠിച്ചത് കംസവധം; ആ റാസ്‌കലിന് മാമൻ'; മലയാള സിനിമാ ഗാനങ്ങളെ വിമര്‍ശിച്ച് ടി പി ശാസ്തമംഗലം

വരികള്‍ കേട്ടാൽ ഗുരുവായൂരപ്പന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ സ്ഥലത്തേയ്ക്ക് താമസം മാറ്റിയെന്ന് തോന്നുമെന്നും ശാസ്തമംഗലം

ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ട് ഹിറ്റ് ചിത്രങ്ങളാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയിലും ആനന്ദ് മോഹന്‍ സംവിധാനം ചെയ്ത വാഴയും. ഇപ്പോഴിതാ ചിത്രങ്ങളിലെ ഗാനങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാഗാന നിരൂപകനായ ടി പി ശാസ്തമംഗലം. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിലെ 'കൃഷ്ണാ കൃഷ്ണാ' എന്ന് തുടങ്ങുന്ന ഗാനത്തെയാണ് ടി പി ശാസ്ത്രമംഗലം വിമര്‍ശിച്ചത്. വാഴ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളെയും ടി പി ശാസ്തമംഗലം വിമര്‍ശിച്ചു. പി ഭാസ്കരന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഗാനങ്ങള്‍ക്കെതിരെ ടി പി ശാസ്തമംഗലം വിമര്‍ശനം ഉന്നയിച്ചത്.

ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിലെ 'കൃഷ്ണാ കൃഷ്ണാ' എന്ന ഗാനത്തിലെ വരികള്‍ വായിച്ച ശേഷമായിരുന്നു ടി പി ശാസ്തമംഗലത്തിന്റെ വിമര്‍ശനം. 'പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കിക്കുത്തി പടയ്ക്കു നീ ഇറങ്ങിവന്നാല്‍ ജയിക്കുമല്ലോ പാവം അര്‍ജുനന്‍' എന്ന വരി പാടിയ ശേഷം ഗുരുവായൂരപ്പന്‍ റൗഡിയോ എന്നാണ് ശാസ്തമംഗലം ചോദിച്ചത്. ഇതിനെതിരെ ആരും ശബ്ദമുയര്‍ത്തിയില്ലെന്നും ശാസ്തമംഗലം പറഞ്ഞു. വെണ്ണകട്ട് കുടിച്ചവനെ എന്ന ഗാനത്തിലെ വരി ചൂണ്ടിക്കാട്ടിയ ശേഷം വെണ്ണ കുടിക്കുകയല്ലല്ലോ, കഴിക്കുകയല്ലേ എന്ന് ശാസ്തമംഗലം പറഞ്ഞു.

കംസവധത്തിന് മാമനെ വധിച്ചവന്‍ എന്നാണ് ഗാനത്തില്‍ സൂചിപ്പിച്ചത്. നമ്മളൊക്കെ കംസവധം എന്ന് പഠിച്ച സ്ഥാനത്താണ് ഈ റാസ്‌കല്‍ മാമന്‍ എന്ന് സൂചിപ്പിച്ചതെന്ന് ടി പി ശാസ്തമംഗലം ആഞ്ഞടിച്ചു. മാമന്‍ എന്ന് പറയുന്നത് തിരുവനന്തപുരത്താണ്. വരികള്‍ കേട്ടാൽ ഗുരുവായൂരപ്പന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ സ്ഥലത്തേയ്ക്ക് താമസം മാറ്റിയെന്ന് തോന്നുമെന്നും ടി പി ശാസ്തമംഗലം പറഞ്ഞു. ഭക്തന്റെ ദുഃഖം കേള്‍ക്കണമെന്നാണ് അവസാനം പറഞ്ഞുവെയ്ക്കുന്നത്. ഇങ്ങനെ പാടിയാല്‍ ഏത് കൃഷ്ണനാണ് ദുഃഖം കേള്‍ക്കുകയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Also Read:

Entertainment News
മക്കൾ സെൽവനെ ചൈനക്കാർക്കും ഇഷ്ടപ്പെട്ടു; മഹാരാജയ്ക്ക് മികച്ച ഓപ്പണിങ്

ചിത്രത്തിന്റെ പേര് തന്നെ വിചിത്രമെന്ന് പറഞ്ഞായിരുന്നു ടി പി ശാസ്തമംഗലം വാഴയ്‌ക്കെതിരെ തിരിഞ്ഞത്. വാഴയ്‌ക്കൊപ്പം ബയോപിക്ക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് എന്ന് പറയുന്നുണ്ട്. ഒന്നും രണ്ടും ബോയ്‌സിന്റെ അല്ല നൂറുകോടി ബോയ്‌സിന്റെ കഥയാണിതെന്ന് ശാസ്തമംഗലം പരിഹസിച്ചു. ചിത്രത്തിലെ 'ഏയ് ബനാനെ ഒരു പൂ തരാമോ', എന്ന ഗാനത്തിന് ഭാസ്‌കരന്‍ മാഷിനെ പോലെ ഒരു കവിയുടെ ആവശ്യമില്ല. ഒരു നഴ്‌സറി കുട്ടിക്ക് വരെ എഴുതാം. വയില്‍ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്. അതിലെ മറ്റൊരു പാട്ട് ഇതാണ് 'പണ്ടെങ്ങാണ്ടോ ആരൊ വാഴ വെച്ചെ' അച്ഛന്‍മാര്‍ പണ്ട് ദേഷ്യം വരുമ്പോള്‍ പറയുമായിരുന്നു ഇത്, അതാണ് ഇപ്പോള്‍ ഗാനമായിരിക്കുന്നത്. എന്താരു വികലമാണിതെന്നും ശാസ്തമംഗലം പറഞ്ഞു. 'അല്ലിയാമ്പല്‍ കടവിലന്ന് അരക്കുവെള്ളം, അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലെ കൊതുമ്പു വള്ളം' എന്നെഴുതിയ ഭാസ്‌കരന്‍ മാഷിന്റെ കുഴിമാടത്തില്‍ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആള്‍ക്കാര്‍ നൂറുവട്ടം തൊഴണം എന്ന് താന്‍ പറയുമെന്നും ടി പി ശാസ്തമംഗല കൂട്ടിച്ചേര്‍ത്തു.

Content Highlights- T P sasthamangalam against songs of movie vazha and guruvayoor ambalanadayil

To advertise here,contact us