നാടോടിക്കാറ്റിലെ ദാസനും രാധയും വീണ്ടും ഒന്നിക്കുമോ? ഓർമകൾ ഉണർത്തി 'തുടരും'

പുതിയ പോസ്റ്ററില്‍ ചില നൊസ്റ്റാള്‍ജിക് കൗതുകങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ്‌ മോഹൻലാൽ - ശോഭന കോംബോ. നിരവധി ഹിറ്റ് സിനിമകളിൽ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവർ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Also Read:

Entertainment News
20 വര്‍ഷത്തിന് ശേഷം അവര്‍ ഒന്നിച്ചെത്തുന്നത് വെറുതെയാകില്ല; 'തുടരും' പുതിയ പോസ്‌റ്റര്‍

മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ചിത്രമായ നാടോടിക്കാറ്റിനെ ഓർമിപ്പിക്കും വിധമുള്ള പോസ്റ്റർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നാടോടിക്കാറ്റിലെ 'വൈശാഖ സന്ധ്യേ'… എന്ന ഗാനത്തിൽ ദാസനും രാധയും ചായ കുടിക്കാനായി ഒരു ഉന്തുവണ്ടി കടയിൽ നിൽക്കുന്നുണ്ട്. ഇതിനെ ഓർമിപ്പിക്കും വിധമാണ് തുടരുമിന്റെ പോസ്റ്റർ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്. 37 വർഷങ്ങൾക്ക് മുൻപ് മലയാളികളെ പ്രണയത്തിലാഴ്ത്തിയ ദാസനും രാധയും കാലങ്ങൾക്കിപ്പുറം തുടരുമിലൂടെ ഒന്നിക്കുന്നെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പറയുന്നത്. നാടോടിക്കാറ്റിലെയും തുടരുമിലെയും പോസ്റ്ററുകൾ ഒന്നിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'ചില കഥകള്‍ തുടരാനുള്ളതാണ്' എന്ന വാചകത്തോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും വീണ്ടും മോഹൻലാൽ - ശോഭന കോംബോ ബിഗ് സ്‌ക്രീനിൽ കാണാനാകുന്നതിന്റെ ത്രില്ലിൽ ആണ് പ്രേക്ഷകർ. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രം ജനുവരി 30 ന് തിയേറ്ററുകളിലെത്തും.

Also Read:

Entertainment News
ഫഹദ് അവതരിപ്പിച്ച പോലൊരു കഥാപാത്രം അജിത്തുമായി പ്ലാൻ ഉണ്ടായിരുന്നു,നടക്കാതിരുന്നത് പ്രൊഡ്യൂസർ കാരണം;വിഘ്നേശ്

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Content Highlights: Mohanlal film Thudarum new poster reminds of Nadodikattu Dasan - Radha scenes

To advertise here,contact us