24 മണിക്കൂറിനുള്ളിൽ വീഡിയോ ഒഴിവാക്കണം, ഇല്ലെങ്കിൽ നടപടി നേരിടേണ്ടിവരും; അന്ത്യശാസനവുമായി ധനുഷിന്റെ അഭിഭാഷകൻ

ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും അഭിഭാഷകൻ വ്യക്തമാക്കി

നടൻ ധനുഷിനെതിരെ നയൻ‌താര നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരിക്കുകയാണ്. നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ൽ എന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തിൽ ചോദിച്ചെന്നായിരുന്നു നയൻതാരയുടെ വെളിപ്പെടുത്തൽ. ഇപ്പോൾ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് ധനുഷിന്റെ അഭിഭാഷകൻ.

നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം ഡോക്യുമെന്ററിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം കടുത്ത നിയമനടപടി നേരിടേണ്ടിവരും എന്നും നോട്ടീസിൽ പറയുന്നു. ധനുഷിനോട് അനുവാദം വാങ്ങിയ ശേഷമാണ് തങ്ങൾ ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്ന് നയൻ‌താര വാദിച്ചിരുന്നു. എന്നാൽ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും അഭിഭാഷകൻ വ്യക്തമാക്കി.

നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്ന നയന്‍താരയുടെ വെളിപ്പെടുത്തല്‍ ആണ് വിവാദമായത്. 'Nayanthara: Beyond the Fairy Tale' എന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസ് ചെയ്തത്.

Also Read:

Entertainment News
നെരുപ്പ് പോലെ വന്നില്ല, വന്നത് വിമർശനങ്ങൾ; പരിഹാരമായി കങ്കുവയുടെ 12 മിനിറ്റ് ട്രിം ചെയ്ത് അണിയറപ്രവർത്തകർ

നയന്‍താരയുടെ കരിയറും ജീവിതവും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാതെ വൈകിപ്പിച്ചുവെന്നും നയന്‍താര വ്യക്തമാക്കിയിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതം നല്‍കിയില്ലെന്നും ഇതാണ് ഡോക്യുമെന്ററി വൈകാനും പിന്നീട് റീ എഡിറ്റ് ചെയ്യാനും കാരണമായതെന്നും നടി ആരോപിച്ചിരുന്നു.

'നാനും റൗഡി താന്‍' സിനിമയുടെ സമയത്തും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് പിന്നീട് ചിത്രത്തിനുണ്ടായ വലിയ വിജയത്തില്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര വെളിപ്പെടുത്തി.

Content Highlights: Dhanush legal team ask to remove footages within 24 hours

To advertise here,contact us