ദുൽഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്കർ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴകത്തും മികച്ച കളക്ഷനാണ് നേടുന്നത്. കഴിഞ്ഞ ദിവസം ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. പ്രേക്ഷകർ ഇപ്പോൾ ആകാംഷയോടെ കാത്തിരിക്കുന്നത് ചിത്രത്തിന്റെ ഒടിടി റിലീസിനായാണ്.
30 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഒടിടി ഡീൽ ഉറപ്പിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യൻ ഭാഷകൾക്കും ഹിന്ദിയ്ക്കും വേണ്ടി പ്രത്യേകം ബിസിനസ് നടത്തും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലക്കി ഭാസ്കറിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. മിക്കവാറും നവംബര് 30ന് ചിത്രം ഒടിടിയില് എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഒടിടി റിലീസില് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തിയേറ്ററിൽ വൻ വിജയമായതിനാല് ചിത്രത്തിന്റെ ഒടിടി റിലീസ് വൈകുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയുമുണ്ടായിട്ടില്ല. തിയേറ്ററിൽ തകർപ്പൻ വിജയം കഴച്ചവെച്ചതുകൊണ്ട് തന്നെ അമരന്റെ ഒടിടി റിലീസ് വൈകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. രണ്ടാം വാരത്തിലും കേരളത്തിലും ആഗോള തലത്തിലും വമ്പൻ പ്രേക്ഷക പ്രശംസ നേടിയും ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വെച്ചുമാണ് ലക്കി ഭാസ്കർ വിജയം തുടരുന്നത്. സിനിമ ഇതിനകം തമിഴ്നാട്ടിൽ നിന്ന് 10 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12 ദിവസങ്ങൾ കൊണ്ടാണ് സിനിമ തമിഴ്നാട്ടിൽ ഇത്രയും തുക നേടിയത്. ശിവകാർത്തികേയൻ ചിത്രം അമരൻ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് ലക്കി ഭാസ്കറിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.
#LuckyBaskhar OTT Deal done — ₹30 Cr+ !!!! 🤑💥Business done separately for South Indian Languages & Hindi. pic.twitter.com/yRSyrnYSrn
അതേസമയം, ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.
Content Highlights: Lucky Bhaskar has secured an OTT deal for 30 crores