ദളപതിയെ തൊടാനായില്ല, എന്നാൽ സൂര്യയ്ക്ക് ഇത് ടോപ്പ്; കങ്കുവ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട് പുറത്ത്

തമിഴ്‌നാട്ടിൽ നിന്ന് സിനിമ 25 മുതൽ 30 കോടി വരെ നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

സൂര്യ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഈ വേളയിൽ സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് സിനിമ 25 മുതൽ 30 കോടി വരെ നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും സിനിമയ്ക്ക് മികച്ച കളക്ഷൻ തന്നെയാണ് ലഭിച്ചിരിക്കുന്നത്. സിനിമ ആഗോളതലത്തിൽ 60 മുതൽ 65 കോടി വരെ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഒരു സൂര്യ ചിത്രത്തെ സംബന്ധിച്ചിടത്തോളം വലിയ കളക്ഷനാണിത്. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് ഈ വർഷത്തെ തമിഴ് സിനിമകളിൽ ഫസ്റ്റ് ഡേ കളക്ഷനിൽ ഒന്നാമത്. 126 കോടിയാണ് സിനിമയുടെ ആദ്യദിന ആഗോള കളക്ഷൻ. രജനികാന്ത് ചിത്രം വേട്ടയ്യനാണ് 70 കോടിയുമായി പിന്നിലുള്ളത്.

അതേസമയം കങ്കുവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ സംവിധായകാൻ സിരുത്തൈ ശിവ സന്തോഷം പങ്കുവെച്ചെത്തിയിരുന്നു. 'അവസാനം കങ്കുവ തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയില്‍ നിന്നും സിനിമ കണ്ടിറങ്ങിയ സ്‌നേഹിതര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴാണ് പൂര്‍ണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്', എന്നാണ് ശിവ പറഞ്ഞത്. ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:

Entertainment News
'പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ റിപീറ്റ്‌ വാല്യൂ കിട്ടില്ല'; കങ്കുവയെക്കുറിച്ച് റസൂൽ പൂക്കുട്ടി

സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: Suriya movie Kanguva first day collection report out

To advertise here,contact us