അവിടെ 'അനിമൽ' എങ്കിൽ കങ്കുവയിൽ 'വൈൽഡ് അനിമൽ'; ബോബി ഡിയോളിന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് ശിവ

അദ്ദേഹത്തിന്റെ സ്വാഗ് തനിക്ക് ഇഷ്ടമായെന്നും അങ്ങനെയാണ് കങ്കുവയിലേക്ക് ക്ഷണിക്കുന്നതെന്നും സിരുത്തൈ ശിവ

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലേക്ക് നടനെ തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ചുള്ള ശിവയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ ഗുപ്ത്, സോൾജ്യർ തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താൻ. കുറച്ച് നാളുകൾക്ക് മുമ്പ് അദ്ദേഹം എയർപോർട്ടിലേക്ക് പോകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടു. അദ്ദേഹത്തിന്റെ സ്വാഗ് തനിക്ക് ഇഷ്ടമായെന്നും അങ്ങനെയാണ് കങ്കുവയിലേക്ക് ക്ഷണിക്കുന്നതെന്നും സിരുത്തൈ ശിവ പറഞ്ഞു.

ഉധിരൻ എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒട്ടും അനുകമ്പയില്ലാത്ത കഥാപാത്രമാണ് ഉധിരൻ എന്നും അനിമല്‍ എന്ന സിനിമയിൽ ബോബി ഒരു മൃഗമായിരുന്നുവെങ്കിൽ, ഇവിടെ അദ്ദേഹമൊരു വന്യമൃഗമാണെന്നും ശിവ അഭിപ്രായപ്പെട്ടു. കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ബോബി ഡിയോളിനെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. 'ബോബി ഡിയോളമായി യുദ്ധം ചെയ്യാൻ ഞാൻ സ്വയം ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അദ്ദേഹത്തിന് മുന്നിൽ നിൽക്കാൻ ഞാൻ ധൈര്യം സംഭരിച്ചു. അദ്ദേഹത്തിന്റെ ശരീരപ്രകൃതവും മസിലും എല്ലാം നിങ്ങൾ കണ്ടില്ലേ. അദ്ദേഹത്തിന്റെ എതിരാളിയാകാനുള്ള ഉയരം എനിക്കില്ല. ഫൈറ്റ് ചെയ്യാനുള്ള കരുത്ത് സ്വയം ഉണ്ടാക്കുകയായിരുന്നു. ശാരീരികമായി അദ്ദേഹത്തിനെ നേരിടാൻ എനിക്ക് കഴിയില്ല എന്ന ബോധ്യത്തോടെയാണ് ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചത്. എന്നാലും ഷോർട്ടുകൾ എടുക്കുമ്പോൾ ആത്മവിശ്വാസം ഉണ്ടായിരുന്നു,' എന്നാണ് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞത്.

Also Read:

Entertainment News
അബ്രാം ഖുറേഷിയായി ജയൻ, ഒപ്പം ടോം ക്രൂസും; 'കോളിളക്കം 2' എഐ വീഡിയോ ശ്രദ്ധ നേടുന്നു

അതേസമയം, നവംബർ 14 നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്.

Content Highlights: Siruthai Siva says that if Bobby Deol was an animal in Animal he’s a wild animal in Kanguva

To advertise here,contact us