ആമിർ ഖാൻ അഭിനയം അവസാനിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു; ആ തീരുമാനം വേണ്ടെന്ന് വെക്കാൻ കാരണം മക്കൾ

'കുടുംബത്തിന് വേണ്ടി സമയം ചിലവഴിച്ചില്ല എന്നത് ഏറെ കുറ്റബോധവുമുണ്ടാക്കി'

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച കലാകാരൻമാൻറിൽ ഒരാളാണ് ബോളിവുഡ് നടൻ ആമിർ ഖാൻ. കഥാപാത്രങ്ങൾക്ക് വേണ്ടി നടത്തുന്ന പരീക്ഷണങ്ങൾ മൂലം അദ്ദേഹത്തെ ആരാധകർ വിളിക്കുന്നത് 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്നാണ്. അഭിനയം കൊണ്ടും ബോക്സ്ഓഫീസ് റെക്കോർഡുകൾ കൊണ്ടും മുൻപന്തിയിലുള്ള ആമിർ, ഒരിടയ്ക്ക് തന്റെ സിനിമാജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലാൽ സിങ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു കൊവിഡ് പ്രതിസന്ധി വന്നത്. ആ സമയത്ത് ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമയ്ക്ക് മാത്രം ശ്രദ്ധ കൊടുത്തത് കൊണ്ട് വ്യക്തി ബന്ധങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല എന്ന തോന്നലുണ്ടായി. അതിൽ തനിക്ക് ഏറെ കുറ്റബോധം തോന്നിയെന്നും ആ കാരണത്താൽ സിനിമാജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും നടൻ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ആമിർ ഇക്കാര്യം വ്യക്തമാക്കിയത്.

'ലാൽ സിങ് ഛദ്ദയുടെ രണ്ടാം പകുതി പൂർത്തിയാക്കുന്നതിന് മുമ്പാണ് കൊവിഡ് വരുന്നത്. ആ സമയം വൈകാരികമായ ഒരുപാട് ചിന്തകളിലൂടെ കടന്നുപോയി. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സിനിമയ്ക്കാണ് നൽകിയത് എന്ന തോന്നലുണ്ടായി. കുടുംബത്തിന് വേണ്ടി സമയം ചെലവഴിച്ചില്ല എന്നത് ഏറെ കുറ്റബോധവുമുണ്ടാക്കി. 35 വർഷത്തോളമായി സിനിമകൾ ചെയ്യുന്നു. ഇനി കുടുംബത്തിനും വ്യക്തി ജീവിതത്തിനും പ്രാധാന്യം നൽകാം എന്ന് അപ്പോൾ തോന്നി. 56ാമത്തെ വയസ്സിൽ ഇങ്ങനെ ഒരു തിരിച്ചറിവുണ്ടായതിന് ഞാൻ എന്നോട് തന്നെ നന്ദി പറഞ്ഞു. 88 വയസ്സിലാണ് തോന്നിയിരുന്നതെങ്കിലോ. അപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ പോകില്ലേ,' ആമിർ ഖാൻ പറഞ്ഞു.

Also Read:

Entertainment News
വലിയ ചിത്രങ്ങളോടാണ് മത്സരം, കങ്കുവ കൂടെ വന്നാൽ 'മുറ'യെ ആരും അറിയാതെ പോകും; മാലാ പാർവതി

ഉടൻ തന്നെ കുടുംബത്തെ വിളിച്ച് ഇനി സിനിമകൾ ചെയ്യുന്നില്ലെന്നും നിങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ പോവുകയാണ് എന്നും അറിയിച്ചു. ആ തീരുമാനം എന്തെങ്കിലും ഒരു നിരാശയുടെ പുറത്തോ സിനിമ മടുത്തിട്ടോ ഒന്നുമല്ലായിരുന്നു. ഒരേസമയം സിനിമകൾ ചെയ്യുകയും തങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും ആകാമല്ലോ എന്നായിരുന്നു മകൻ ജുനൈദിന്റെ മറുപടി. മക്കളായ ജുനൈദും ഐറയുമാണ് ആ തീരുമാനത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചത് എന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.

Content Highlights: Aamir Khan says that once he decided to quit films

To advertise here,contact us