ഈ നേട്ടം മലയാളത്തിന് ഇതാദ്യം, ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ 'പെരിയോനേ'

ഫീച്ചർ ഫിലിം ഗാനങ്ങളുടെ വിഭാ​ഗത്തിലാണ് 'പെരിയോനേ' മത്സരിക്കുന്നത്.

മലയാളസിനിമയിലെ എ.ആര്‍. റഹ്മാന്‍റെ സംഗീതസാന്നിധ്യത്തെ ഏറ്റവും ഗംഭീരമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ആടുജീവിതം. സിനിമയിലെ എല്ലാ പാട്ടുകളും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നെങ്കിലും ജിതിൻ രാജ് ആലപിച്ച 'പെരിയോനേ' എന്ന ഗാനവും അതിലെ എ.ആര്‍ റഹ്മാന്‍ തന്നെ പാടിയ ഭാഗവും വലിയ ആരാധകപ്രീതിയാണ് പിടിച്ചുപറ്റിയിരുന്നത്. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു പാട്ടിനും എത്താൻ കഴിയാത്ത നേട്ടത്തിന് അടുത്തെത്തിയിരിക്കുകയാണ് ഈ ​ഗാനം.

ലോക പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരങ്ങൾക്കായുള്ള (HMMA) നാമനിർദേശ പട്ടികയിൽ പെരിയോനേ ഇടംപിടിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് അധികൃതർ പട്ടിക പുറത്തുവിട്ടത്. ഫീച്ചർ ഫിലിമിലെ ഗാനങ്ങള്‍ എന്ന കാറ്റഗറിയിലാണ് പെരിയോനേ മത്സരിക്കുന്നത്. എ ആർ റഹ്മാനും റഫീഖ് അഹമ്മദും ചേർന്നാണ് ​ഗാനം രചിച്ചിരിക്കുന്നത്. ​

ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ​ഗാന വിഭാ​ഗത്തിലെ മറ്റുചിത്രങ്ങൾ. ഇതിൽ എമിലിയ പേരെസിലെ രണ്ട് ​ഗാനങ്ങൾക്ക് നാമനിർദേശം ലഭിച്ചിട്ടുണ്ട്. ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക.

Also Read:

Entertainment News
പ്രണവിന് സ്പെയിനിലെ ഫാമിലാണ് ജോലി; ആടിനെയോ, കുതിരയെയോ നോക്കാനാകും: സുചിത്ര

ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ പൃഥ്വിരാജ് ആണ് കേന്ദ്ര കഥാപാത്രമായ നജീബ് ആയി എത്തിയത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രീതിയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ നേടിയിരുന്നു. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Content Highlights: The song 'Periyone' from 'Aadujeetham' has made it to the Hollywood Music in Media Awards list

To advertise here,contact us