"ഇനി ഊഹാപോഹങ്ങൾക്ക് ഇടമില്ല, #SG250 2025 ൽ വരും"; പ്രഖ്യാപനവുമായി സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ താടി വടിച്ച ലുക്കിലുള്ള ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു

'ഒറ്റക്കൊമ്പൻ' എന്ന് പേരിട്ടിരുന്ന തന്റെ 250 -ാം ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ തള്ളി സുരേഷ് ഗോപി. ഊഹാപോഹങ്ങൾക്ക് സ്ഥാനമില്ലെന്നും എസ് ജി 250 2025 ൽ എത്തുമെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രം 2025 ല്‍ വരുമെന്ന് പ്രഖ്യാപിച്ചത്.

കഴിഞ്ഞ കുറച്ച് നാളുകളായി, ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു സുരേഷ് ഗോപിയുണ്ടായിരുന്നത്. എന്നാല്‍ സുരേഷ് ഗോപിയുടെ താടി വടിച്ച ലുക്കിലുള്ള ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ എസ് ജി 250 ഉപേക്ഷിച്ചെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും ആരംഭിച്ചിരുന്നു.

കേന്ദ്രമന്ത്രിയായതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് നേരത്തെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്.

എന്നാല്‍ ഇത്തരം വാർത്തകളെ തള്ളിക്കൊണ്ടാണ് പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ.

Also Read:

Entertainment News
'ഇത് എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ!'; AMMA മീറ്റിങ്ങിൽ വൈറൽ ഡയലോ​ഗുമായി സുരേഷ് ഗോപി

നേരത്തെ ടോമിച്ചൻ മുളകുപാടം നിർമിക്കാനിരുന്ന ചിത്രം പിന്നീട് ഗോകുലം ഗോപാലൻ ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നെങ്കിലും ചിത്രീകരണം സംബന്ധിച്ച് പിന്നീട് അറിയിപ്പുകളൊന്നും പുറത്തുവന്നിരുന്നില്ല.

Content Highlights: No room for speculation SG250 is coming in 2025 Suresh Gopi out new poster

To advertise here,contact us