കൂലിയിൽ ആമിർ ഖാൻ ഭാഗമാകുമോ?; ലോകേഷിന് പറയാനുള്ളത് ഇങ്ങനെ

സിനിമയിൽ ബോളിവുഡ് താരം ആമിർ ഖാനും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ വ്യക്തമായ സ്ഥാനവും ഫാൻ ബേസുമുണ്ടാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്ത് നായകനാകുന്ന കൂലി എന്ന സിനിമയാണ് ലോകേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വലിയൊരു താരനിര തന്നെ ഭാഗമാകുന്ന സിനിമയിൽ ബോളിവുഡ് താരം ആമിർ ഖാനും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ ആ റിപ്പോർട്ടുകളോടുള്ള ലോകേഷിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിൽ ലോകേഷിന് നേരെ കൂലിയിൽ ആമിർ ഖാൻ ഭാഗമാകുമോ എന്ന ചോദ്യം വന്നപ്പോൾ 'ആരൊക്കെ, ഏതൊക്കെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു എന്നത് പ്രൊഡക്ഷൻ ഹൗസാണ് വെളിപ്പെടുത്തേണ്ടത്. അതിൽ എനിക്ക് ഒന്നും ചെയ്യാനാകില്ല,' എന്നായിരുന്നു ലോകേഷിന്റെ മറുപടി. 'മറ്റു സംസ്ഥാനങ്ങളിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ താരങ്ങൾ ഈ സിനിമയുടെ ഭാഗമായേക്കാം, ആകാതിരിക്കാം,'എന്നും ലോകേഷ് പറഞ്ഞു.

ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

Also Read:

Entertainment News
തിയേറ്ററുകളിൽ കണ്ടതല്ല, കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്; ദേവര ഉടൻ ഒടിടി റിലീസിന്

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി നടന്‍ സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Lokesh Kanagaraj comments on the rumours that Aamir Khan to be the part of Coolie movie

To advertise here,contact us