ലോക സിനിമകൾക്കൊപ്പം തെക്കിനിയിലെ നാ​ഗവല്ലിയും; ലെറ്റർബോക്സ് അണ്ടർസീൻ ഹൊറർ സിനിമകളിൽ മണിച്ചിത്രത്താഴിനും ഇടം

ഈ വർഷം ആഗസ്റ്റ് 17 ന് മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമായിരുന്നു അപ്പോഴും സിനിമക്ക് ലഭിച്ചത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ഫാസിൽ ഒരുക്കിയ 'മണിച്ചിത്രത്താഴ്'. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മലയാളികൾ എന്നും നെഞ്ചോട് ചേർത്തുപിടിച്ച സൈക്കോളജിക്കൽ ഹൊറർ സിനിമയാണ്. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു അന്താരാഷ്ട്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രമിപ്പോൾ. ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സിന്റെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ അണ്ടർസീൻ ഹൊറർ സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് മണിച്ചിത്രത്താഴ്. ഏഴാമതാണ് മണിച്ചിത്രത്താഴിന്റെ സ്ഥാനം.

1969 ൽ പുറത്തിറങ്ങിയ ചെക്കോസ്ലോവാക്കിയൻ ഡാർക്ക് കോമഡി ഹൊറർ ചിത്രമായ 'ദി ക്രിമേറ്റർ' ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 1971 ൽ പുറത്തിറങ്ങിയ 'ഡീമൺസ്', 1926-ൽ പുറത്തിറങ്ങിയ നിശബ്ദ ചിത്രമായ 'ഫൗസ്റ്റ്' എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ള സിനിമകൾ. 'ദി ഫാന്റം ക്യാരേജ്', ജാപ്പനീസ് ചിത്രം 'കുറോനെക്കോ', 1986-ൽ പുറത്തിറങ്ങിയ ചെക്കോസ്ലോവാക്യൻ ആനിമേറ്റഡ് ഡാർക്ക് ഫാൻ്റസി ചിത്രം 'ദി പൈഡ് പൈപ്പർ', 'മദർ ജോവാൻ ഓഫ് ദ ഏഞ്ചൽസ്', 'ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്‌', മെക്സിക്കൻ ചിത്രമായ 'സ്കെൽട്ടൻ ഓഫ് മിസ്സിസ് മൊറാലസ്' എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു സിനിമകൾ.

1993 ലാണ് 'മണിച്ചിത്രത്താഴ്' റിലീസ് ചെയ്തത്. നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, വിനയ പ്രസാദ്, കെ ബി ഗണേഷ്കുമാർ, സുധീഷ്, കുതിരവട്ടം പപ്പു, തിലകൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം ജി രാധാകൃഷ്ണന്റെ ഈണത്തിന് വരികളെഴുതിയത് ബിച്ചു തിരുമലയായിരുന്നു. സ്വർഗ്ഗചിത്ര അപ്പച്ചനായിരുന്നു ചിത്രത്തിന്റെ നിർമാണം. 4 ഭാഷകളിലേക്കാണ് 'മണിച്ചിത്രത്താഴ്' റീമേക്ക് ചെയ്യപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് നടി ശോഭനയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

ഈ വർഷം ആഗസ്റ്റ് 17 ന് മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമായിരുന്നു അപ്പോഴും സിനിമക്ക് ലഭിച്ചത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നിരവധി ഭാഷകളിലേക്കാണ് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യപ്പെട്ടത്.

Content Highlights: Manichithrathazhu finds spot in letterbox highest rated underseen horror films

To advertise here,contact us