രണ്ടര മണിക്കൂർ 'സൂര്യ' താണ്ഡവം, വിസ്മയമൊരുക്കാൻ 'കങ്കുവ'; റൺ ടൈം വിവരങ്ങൾ പുറത്ത്

രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യത്തെ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.

സൂര്യയെ നായകനാക്കി സിരുത്തൈ ശിവയൊരുക്കുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. രണ്ട് ഗെറ്റപ്പിൽ സൂര്യ എത്തുന്ന ചിത്രത്തിന്റെ റൺ ടൈം വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് മണിക്കൂർ 34 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. നവംബർ 14 ന് ചിത്രം തിയേറ്ററിലെത്തും.

ഒരു മണിക്കൂർ 23 മിനിറ്റാണ് സിനിമയുടെ ആദ്യ പകുതിയുടെ ദൈർഘ്യം. ഒരു മണിക്കൂർ 11 മിനിറ്റാണ് രണ്ടാം പകുതിയുടെ നീളം. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഫ്രാൻസിസ് എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ സൂര്യയും ദിഷാ പഠാണിയുമൊത്തുള്ള ഗാനം അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.

#Kanguva Final Runtime - 2hr 34min.1st Half - 1 Hr 23 Mins2nd Half - 1 Hr 11 Mins#Suriya #KanguvaFomNov14 pic.twitter.com/zH9z5zdzIj

ചിത്രത്തിന്റെ 5 മിനിറ്റ് ദൈർഘ്യമുള്ള ഒരു രം​ഗം സൂര്യ സാർ തന്നെ കാണിച്ചെന്നും ഈ ചിത്രം നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാകുമെന്നാണ് കങ്കുവയെക്കുറിച്ച് കാർത്തിക് സുബ്ബരാജ് കഴിഞ്ഞ ദിനങ്ങളിൽ അഭിപ്രായപ്പെട്ടുകൊണ്ട് രം​ഗത്ത് വന്നിരുന്നു. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Suriya movie Kanguva runtime details out now

To advertise here,contact us